സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനായുള്ള അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും 15ന് മുമ്പ് അപേക്ഷ സ്വീകരിച്ചുതുടങ്ങണമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ ഘട്ടത്തില്‍ തന്നെ നിലവില്‍ വിതരണം ചെയ്ത കാര്‍ഡുകള്‍ പുതുക്കുകയും ചെയ്യാം. ശനിയാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇതോടെ 10 ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ മൂന്നരവര്‍ഷത്തെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്.
2014ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചെങ്കിലും കേന്ദ്ര ഭക്ഷ്യഭദ്രതനിയമം വിലങ്ങുതടിയായതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി. കുറച്ചുകാലം താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കിയെങ്കിലും പിന്നീട് അതും പിന്‍വലിച്ചു. ഇതോടെ താല്‍ക്കാലിക കാര്‍ഡ് കൈവശംവെച്ച ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കാര്‍ഡില്ലാതെ വഴിയാധാരമായത്.
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സസഹായം ഉള്‍പ്പെടെയുള്ളവ നിഷേധിക്കപ്പെട്ടിരുന്നു. കാര്‍ഡില്ലാത്തതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭവനപദ്ധതികള്‍ക്കും പാവപ്പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഭക്ഷ്യഭദ്രത നിയമപ്രകാരം ആദിവാസി കുടുംബങ്ങള്‍ക്ക് കാര്‍ഡില്ലാത്തതിനാല്‍ റേഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായത്.
പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതോടെയാണ് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ അടുത്തമാസം 15നുള്ളില്‍ സ്വീകരിച്ചുതുടങ്ങണമെന്ന് മന്ത്രി തിലോത്തമന്‍ നിര്‍ദേശം നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫിസുകള്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഭക്ഷ്യഭദ്രതനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ വൈകിയതും മുന്‍ഗണനപട്ടികയില്‍ ഏഴരലക്ഷത്തോളം അനര്‍ഹര്‍ കടന്നുകൂടിയതുമാണ് പുതിയ റേഷന്‍കാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കാന്‍ വൈകാന്‍ കാരണമായതെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 7.65 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ അഞ്ചരലക്ഷത്തോളം പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. മുന്‍ഗണന പട്ടികയില്‍ കയറിക്കൂടിയത് 91,169 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവരെക്കൂടി പട്ടികയില്‍നിന്ന് പുറത്താക്കി ജനുവരി 30നുള്ളില്‍ മുന്‍ഗണനപട്ടിക റീ റാങ്കിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു
https://www.facebook.com/Malayalivartha


























