കോടിയേരിക്കെതിരെ പാളയത്തിൽ പട.. മകനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കഥ കേരളം നിറയുന്നു...

ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. വിവാദങ്ങളില്‍ നിന്ന് എന്നും അകന്നു കഴിഞ്ഞിരുന്ന ബിനോയി, ഒടുവില്‍ കേരളത്തെ നടുക്കിയ കോടികളുടെ തട്ടിപ്പുകഥയിലെ വില്ലനായി മാറി. കൊടിയേരിയുടെ മകന്‍ എന്നു പറഞ്ഞപ്പോഴേ ബിനീഷാണെന്നു ചിലര്‍ വിലയിരുത്തി. എന്നാല്‍ ബിനോയിയുടെ പേര് എല്ലാവരെയും ഞെട്ടിച്ചു. മനോരമ വാര്‍ത്തയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കൂട്ടാംവിളയിലുള്ള കോടിയേരിയുടെ വീട്ടിലേക്ക് ഇന്നലെ രാവിലെ മുതല്‍ സുഹൃത്തുക്കള്‍ ഒഴുകിയെത്തി.
ബിസിനസ്സ് ആവശ്യത്തിനായി താനെടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഓരോരുത്തരോടായി ബിനോയി വിശദീകരിച്ചു. എകെജി സെന്ററിലും ഒരു വിഷാദഭാവം. ദേശാഭിമാനിയില്‍ പിഎം മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക ആലോചന. ഭരണത്തിന്റെ തുടക്കത്തില്‍ പിണറായി വിജയന്‍ കൂടെയുള്ള നേതാക്കളോട് പ്രത്യേകിച്ച് കോടിയേരിയോട് മക്കളെ നിയന്ത്രിക്കമം എന്നു പ്രത്യേകം പറഞ്ഞിരുന്നു. ഒക്കെ തകരുന്ന അവസ്ഥ. പിണറായി കഴിഞ്ഞാല്‍ സിപിഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാണുന്ന കോടിയേരി വന്‍ വിവാദത്തിലേക്ക് കൂപ്പു കുത്തുന്നത് പാര്‍ട്ടിക്കാരെ ഞെട്ടിച്ചു.
ഇതിനിടയില്‍ അതിശക്തമായ ആക്രമണമാണ് ബിജെപിയുടെ മുന്‍നിര നേതാക്കള്‍ തൊടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുമെന്ന നിലപാടുമായി കുമ്മനം രംഗത്തെത്തി. ബിനോയി കോടിയേരിയുടെ ഗള്‍ഫിലെ ബിസിനസുകളെന്തൊക്കെ ഇത്രയധികം പണം വായ്പയായി സ്വീകരിച്ചത് നിയമാനുസൃതമാണോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്നത്.
ഈ ഊരാക്കുടുക്കില്‍ നിന്ന് തലയൂരുക എന്നതാണ് കോടിയേരിയോടടുത്ത കേന്ദ്രങ്ങളുടെ പ്രാഥമിക ശ്രദ്ധ. എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറായി വമ്പന്മാര്‍ രംഗത്തുണ്ട്. തലസ്ഥാനത്തും ഡല്‍ഹിയിലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു ചെക്കുമടങ്ങിയതുമായി ബന്ധപ്പെട്ട പരാതിയാണ് ഞങ്ങള്‍ പണം കൊടുത്തു പ്രശ്‌നം തീര്‍ത്തുകൊള്ളാം എന്നാണ് കോടിയേരിയുടെ നിലപാട്. ബിനോയി കോടിയേരിയുടെ സാമ്പത്തിക ഇടപാട് അഴിമതിയില്‍ പെടില്ല എന്നതാണ് പാര്‍ട്ടി നിലപാട്. തികച്ചും വ്യക്തിപരം. തട്ടിപ്പിനു സഹായകരമായ നിലപാട് പാര്‍ട്ടി സെക്രട്ടറി എന്ന പേരില്‍ കോടിയേരി എടുക്കുന്നു എന്നതാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.
അതേ സമയം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയെ കുടുക്കിയ വഞ്ചനാ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ബിനോയിയും രാഹുല്‍ കൃഷ്ണയുമായി ഇതു സംബന്ധിച്ച ധാരണയായെന്നാണ് റിപ്പോർട്ടുകൾ. 13 കോടി നല്‍കി തലവേദന ഒഴിവാക്കാന്‍ സഹായിക്കാമെന്ന് പ്രവാസി വ്യവസായി രവി പിള്ള അറിയിച്ചിട്ടുണ്ട്. രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തിലാണ് രവി പിള്ള സഹായ വാഗ്ദാനം നല്‍കുന്നത്. കോടിയേരിയുമായും രവിപിള്ള ഫോണില്‍ സംസാരിച്ചതായി സൂചനയുണ്ട്. സിപിഎം നേതൃത്വത്തേയും രവി പിള്ള കാര്യങ്ങള്‍ അറിയിച്ചു കഴിഞ്ഞു.
ഇതോടെ നിയമ നടപടികള്‍ ദുബായിലെ കമ്പനി അവസാനിപ്പിക്കുമെന്നാണ് സൂചന. രാഹുല്‍ കൃഷ്ണ സ്പോണ്‍സറോട് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും. അതിന് ശേഷം എല്ലാ കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. സഹായ വാഗ്ദാനവുമായി പ്രമുഖ വ്യവസായിയായ യൂസഫലിയും രംഗത്ത് വന്നിട്ടുണ്ട് . എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നാണ് യൂസഫലി നല്‍കിയ വാഗ്ദാനം.
https://www.facebook.com/Malayalivartha


























