കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സർക്കാരിനെ ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസ് സർക്കാരിനെ ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം സാന്പത്തിക തട്ടിപ്പ് സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യക്തികൾ തമ്മിലുള്ള പ്രശ്നം സർക്കാരിന്റെ ബാദ്ധ്യതയിൽ വരുന്നതല്ല. പാർട്ടിയ്ക്ക് നിരക്കാത്ത പ്രശ്നമാണെങ്കിൽ പാർട്ടി ഉചിതമായ നടപടി എടുക്കും. ഇത് സംബന്ധിച്ച് സർക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. 15 വർഷമായി ബിനോയ് ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വെറും ആരോപണങ്ങളുടെ പേരിൽ അന്വേഷണത്തിന് സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജയൻ പിള്ള എം.എൽ.എയുടെ മകനെതിരെ ചെക്ക് കേസുണ്ടെന്ന് വിഷയം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോടിയേരിയുടെ മകനെതിരേയും സിറ്റിംഗ് എം.എൽ.എയുടെ നേരെ ഉയർന്ന ആരോപണവും ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ചെക്ക് കേസിന്റെ നിജസ്ഥിതി സർക്കാർ അറിയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha


























