ആറുതരം സുരക്ഷാസംവിധാനങ്ങളുമായി പുതിയ ഡ്രൈവിങ് ലൈസന്‍സ്

രാജ്യത്ത് മുഴുവൻ ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നല്‍കാൻ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സാരഥി സംവിധാനം സംസ്ഥാനത്ത് എത്തുന്നു. അടുത്തയാഴ്ച മുതല്‍ സാരഥി സംവിധാനത്തിലുള്ള ആദ്യ ഡ്രൈവിങ് ലൈസന്‍സ് തപാലില്‍ ലഭിക്കും. ആദ്യമായി തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആര്‍.ടി.ഓഫീസ് പരിധിയിലാവും സാരഥി ലൈസന്‍സ് കിട്ടുക. ഉടൻതന്നെ മറ്റു സ്ഥലങ്ങളിലും ഈ സംവിധാനം ലഭ്യമാകും. ക്യു.ആര്‍.കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ ആറുതരത്തിലുള്ള സുരക്ഷാസംവിധാനമാണ് കാര്‍ഡിലുള്ളത്.
വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കലർന്ന ഡിസൈനാണ് കാര്‍ഡിന്റേത്. ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയുമുണ്ട്. ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുന്‍വശത്ത് രക്തഗ്രൂപ്പും ഉണ്ട്. ലൈസന്‍സിന്റെ പിറകിലാണ് ക്യു.ആര്‍.കോഡുള്ളത്. ഈ കോഡ് സ്കാന്‍ ചെയ്താല്‍ ലൈസന്‍സ് എടുത്തിരിക്കുന്ന വ്യക്തിയുടെ എല്ലാ വിവരംങ്ങളും കിട്ടും. രണ്ടുവശത്തും ലൈസന്‍സ് നമ്പരും മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രോജക്ടായി ചെയ്തത്. ഈ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ വഴിയാണ് അപേഷിക്കേണ്ടത്. ലൈസന്‍സിനുള്ള ഫീസ് അടയ്ക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍തന്നെ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ലേണേഴ്സ് എടുത്ത് എത്ര ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം എന്ന് അപേക്ഷകനുതന്നെ തീരുമാനിക്കാം. ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസം കഴിഞ്ഞാല്‍ ഹാജരാകാം. മുൻപ് 14 ദിവസം കഴിഞ്ഞേ ഹാജരാകാന്‍ കഴിയുമായിരുന്നുള്ളൂ. സാരഥി ഡ്രൈവിങ് ലൈസന്‍സുകള്‍ കേരളത്തിലെല്ലായിടത്തും വൈകാതെ കിട്ടും.
https://www.facebook.com/Malayalivartha


























