ട്രെയിനില്‍നിന്നു വീണ് മരിച്ച വനിതാ ഡോക്ടറുടെ മരണത്തില്‍ എന്തൊക്കയോ ദുരൂഹതകള്‍

തൃശൂര്‍ മുളങ്കുന്നത്തുകാവ് കഴിഞ്ഞദിവസം ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ഡോക്ടറുടെ മരണം ബന്ധുക്കളേയും നാട്ടുകാരേയും ഒരുപോലെ വിഷമിപ്പിച്ചു. അതേസമയം കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ധരും സൂചന നല്‍കി.
ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്കുമുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്നതരം മുറിവുകളാണെന്നാണു ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണു പൊലീസും.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്തനംതിട്ട കൂടല്‍ സ്വദേശി ഡോ. അനൂപിന്റെ (ഭാരത് ക്‌ളിനിക്) ഭാര്യ ഡോ. വി. തുഷാരയെ (38)ആണു റയില്‍വേ ട്രാക്കിനരികില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പോട്ടോര്‍ റയില്‍വേ ഗേറ്റിനു സമീപം ട്രാക്കിനരികില്‍ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ ഡോ. തുഷാര മൂന്നു മക്കളും സഹായിയായ ഹോം നഴ്‌സുമായി മലബാര്‍ എക്‌സ്പ്രസില്‍ കണ്ണൂരിലേക്കു പോകുമ്പോഴാണു ദുരന്തം. ആറാം ക്‌ളാസ് വിദ്യാര്‍ഥിയായ കാളിദാസും രണ്ടില്‍ പഠിക്കുന്ന വൈദേഹിയും രണ്ടുവയസുകാരന്‍ വൈഷ്ണവും അമ്മ ട്രെയിനില്‍ നിന്നു വീണതറിയാതെ ദീര്‍ഘദൂരം യാത്രചെയ്തു.
ഷൊര്‍ണൂര്‍ സ്‌റ്റേഷനോടടുത്തപ്പോഴാണ് അമ്മ കൂടെയില്ലെന്ന വിവരം സഹായിയെയും സഹയാത്രികരെയും കുട്ടികള്‍ അറിയിക്കുന്നത്. അവര്‍ റയില്‍വേ അധികൃതരെ വിവരമറിയിച്ചു. കുട്ടികളില്‍ നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് കുട്ടികളെ സുരക്ഷിതമായി ബന്ധുക്കള്‍ക്കു കൈമാറാനും സഹയാത്രികര്‍ സഹായികളായി.
അതേസമയം ഡോ. തുഷാരയുടെ ഭര്‍ത്താവ് ഡോ. അനൂപ് മുരളീധരന്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പു ഫെയ്‌സ്ബുക്കില്‍ കുറിച്ച കവിതയിലെ വരികള്‍ അറംപറ്റിയപ്പോള്‍ എല്ലാവരും ഏറെ വേദനിച്ചു.
'അയ്യോ അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാന്‍
കാലനവന്‍ കയറുമായി
കാത്തിരിപ്പുണ്ടെന്ന്,
അരനാഴികദൂരമിനി
യൊരിക്കലു
മെത്താത്ത ദൂരമാകുമെന്ന്'
ഫെയ്‌സ്ബുക്കില്‍ ഡോ. അനൂപ് ഈ വരികള്‍ കുറിച്ചു നാലാംദിനം ട്രെയിന്‍ യാത്രയില്‍ ഒരു വളവില്‍ ദുരന്തം തുഷാരയെ കാത്തിരുന്നു. അരനാഴിക ദൂരം ഇനിയൊരിക്കലുമെത്താത്ത ദൂരമായി.
പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് അരനാഴികനേരം എന്ന കവിത ഫെയ്‌സ്ബുക്കില്‍ എഴുതിയത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്കു യാത്രചെയ്യുന്ന ഭര്‍ത്താവിനെയാണ് ദുരന്തം കൊത്തിയെടുക്കുന്നത്. ജീവിതത്തില്‍ നേരെ തിരിച്ചും.
https://www.facebook.com/Malayalivartha


























