ടിപി വധക്കേസ് പ്രതിക്കെതിരായ ആരോപണം ജയില്‍ ഡിജിപി ശ്രീലേഖയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്

ടിപി വധക്കേസ് പ്രതിക്കെതിരായ ആരോപണം ജയില്‍ ഡിജിപി ശ്രീലേഖയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ പരാതിക്കത്ത് നല്‍കി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ മലയാളി വാര്‍ത്തയാണ് ആദ്യം പുറത്തുവിട്ടത്. സഹതടവുകാരിലൊരാള്‍ എഴുതിയ ക്രൂരതകളുടെ സചിത്രവിവരണമടങ്ങിയ കത്താണ് മലയാളി വാര്‍ത്ത ആദ്യമായി പുറത്തു വിടുന്നത്. ജയിലിലെ പരാതി പെട്ടിയില്‍ നിന്നും കത്ത് ലഭിച്ചത് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ്. ജഡ്ജിയാണ് മനുഷ്യാവകാശ കമ്മീഷന് കത്ത് നല്‍കിയത്.
അനൂപ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എ ബ്ലോക്കിലെ മേസ്തിരി സ്ഥാനം നേടിയെടുത്തിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു. മേസ്തിരിയാണ് സെല്ലിന്റെ അധികാരി. അധികാരത്തിന്റെ ഇയാള്‍ സഹതടവുകാരോട് നികൃഷ്ടവും മൃഗീയവുമായി പെരുമാറുന്നു.
ജയിലിലെ പുറംപണിക്ക് പോകുന്ന തടവുകാരോട് ജയിലിന് പുറത്ത് നിന്നും അനൂപിന്റെ സുഹ്യത്തുക്കള്‍ നല്‍കുന്ന ബീഡിയും കഞ്ചാവും മദ്യവും അകത്തെത്തിക്കാന്‍ ആവശ്യപ്പെടും. പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദിക്കും അനൂപിന്റെ മര്‍ദ്ദനം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ഫലമില്ല.
നവംബറില്‍ എ ബ്ലോക്കിലെ കണ്‍വിക്റ്റ് നമ്പര്‍ 3488, റഹീം എന്ന തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ജയിലിന് പുറത്തു നിന്നും പിള്ളേര്‍ എറിഞ്ഞുതരുന്ന ബീഡിയും കഞ്ചാവും എടുത്തു തരണമെന്ന് റഹീമിനോട് അനൂപ് ആവശ്യപ്പെട്ടു. അയാള്‍ നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ അനൂപ് റഹീമിനെ തന്റെ മുറിയില്‍ കൊണ്ടുവന്ന് തല്ലിചതച്ചു. റഹീം മുളക്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹൃദ്രോഗിയായ റഹീമിന് മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതായി കത്തില്‍ പറയുന്നു. അനൂപിന്റെ രാഷ്ട്രീയ സ്വാധീനം കാരണം മര്‍ദ്ദന വിവരം പുറം ലോകം അറിഞ്ഞിട്ടില്ല.
എ ബ്ലോക്കിലെ വെല്‍ഫയര്‍ ജോലികള്‍ ചെയ്യുന്ന ഷാജി മാത്യു എന്ന തടവുകാരനെ മര്‍ദ്ദിച്ചു. അദ്ദേഹം ജയില്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സമാധാനിപ്പിച്ചയച്ചു.
അനൂപിന്റെ സ്വാധീന ഫലമായി ജയിലെത്തുന്ന നിരോധന ഉത്പന്നങ്ങളായ കഞ്ചാവും ബീഡിയും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം അനൂപ് വില്‍ക്കാറുണ്ട്. ആഴ്ചകള്‍ തോറും ഇത്തരത്തില്‍ സാധനങ്ങള്‍ എത്താറുണ്ട്. തടവുകാരില്‍ പകുതിയിലധികവും പുകവലിക്കാരാണ്. ഒരു കവര്‍ ബീഡി 200 രൂപക്കാണ് അനൂപ് വില്‍ക്കുന്നത്. ഒരു ബണ്ടില്‍ ബീഡിയില്‍ 20 കവറുണ്ട്. പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയാണ് വില. ഇതിന് ജയിലില്‍ അനൂപ് ഈടാക്കുന്നത് 4000 രൂപയാണ്. പ്രതിമാസം ഇത്തരത്തില്‍ അന്‍പതിനായിരം രൂപയോളം ഇയാള്‍ സമ്പാദിക്കുന്നുണ്ട്.
അനൂപ് ജയിലില്‍ അനുഭവിക്കുന്ന സുഖത്തിന്റെ ഒരു ശതമാനം പോലും മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. അത് നേരില്‍ കാണണമെങ്കില്‍ വിയ്യൂര്‍ ജയിലിലെ എ ബ്ലോക്കിലേക്ക് മനുഷ്യാവകാശ കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. അനൂപിന്റെ മുറി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാവേളയില്‍ ജയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുമ്പോള്‍ വൈകിട്ട് ലോക്കപ്പിനു ശേഷം വരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനമില്ലാത്ത സാധാരണ തടവുകാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന അനൂപിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ ഭരിക്കുന്ന ജയില്‍ വകുപ്പില്‍ നിന്നും എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. സെഷന്‍സ് ജഡ്ജിയുടെ ഇടപെടല്‍ ചിലപ്പോള്‍ ഫലം ചെയ്‌തേക്കാം.
https://www.facebook.com/Malayalivartha


























