ഏത് സാഹചര്യം ഉണ്ടായാലും ഞാൻ മരിക്കില്ല... എന്ന് ഉറച്ച തീരുമാനം എടുത്തിരുന്ന തനൂജയ്ക്ക് എന്താണ് സംഭവിച്ചത്; മുറിയിൽ ആത്മഹത്യയുടെ സൂചനകൾ ഒന്നും തന്നെ ഇല്ലായിരുന്നു.. കഴുത്തില്‍ വയര്‍ ചുറ്റി മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ ഭർത്താവിന്റെ മൊഴിയിൽ അടിമുടി പതർച്ച; രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് തനൂജ നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; മാങ്കോട് സ്‌കൂള്‍ ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് അന്വേഷണ സംഘം

സ്‌കൂള്‍ ജീവനക്കാരിയായ തനൂജ വീടിനുള്ളില്‍ കഴുത്തില്‍ ഇലക്‌ട്രിക് വയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവതിയുടെ മരണത്തെ തുടര്‍ന്ന് ശാസ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിപിഎം നേതാവായ ഭർത്താവിന്റെ മൊഴിയിൽ അടിമുടി ദുരൂഹത. തനൂജയുടെ മരണത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്വേഷണം.
കഴിഞ്ഞ ബുധനാഴചയാണ് തനൂജ മരിച്ചത്. തനൂജയുടെ വിവാഹശേഷം ഭര്‍ത്താവ് ക്രൂര പീഡനത്തിനിരയാക്കിയിരുന്നുവെന്നു അമ്മയുടെ പരാതിയില്‍ പറയുന്നു. അയല്‍വാസികളടക്കം പലപ്പോഴും മര്‍ദനത്തിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഏതു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യില്ലെന്നു തനൂജ പറഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തില്‍ വയറു ചുറ്റിയിട്ടുണ്ടായിരുന്നെങ്കിലും ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യം മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഇല്ലാത്തതാണു ദുരൂഹതയ്ക്കു കാരണം. തൂങ്ങി മരിച്ചുവെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ പിന്നീടു വൈദ്യുതാഘാതമേറ്റു മരിച്ചുവെന്നായി പ്രചാരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. തനൂജയും ഭര്‍ത്താവ് ദിലീപും താമസിച്ചിരുന്ന പാടത്തെ വീട്ടിലാണ് തനൂജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍, സംഭവം തൊട്ടടുത്ത് താമസിക്കുന്ന തനൂജയുടെ ബന്ധുക്കളെ അറിയിക്കാതെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഏറെ നേരത്തിന് ശേഷം തനൂജ ആത്മഹത്യ ചെയ്തുവെന്ന് അകന്ന ബന്ധുക്കളെ ദിലീപ് വിവരം അറിയിക്കുകയുമായിരുന്നു. ആദ്യം തൂങ്ങി മരിച്ചതാണെന്നും പിന്നീട് ഷോക്കേറ്റ് മരിച്ചെന്നുമാണ് ബന്ധുക്കളെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അതിക്രൂരമായി മര്‍ദിച്ചതിന് ദിലീപിനെതിരെ പരാതിയുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് യുവതിയുടെ മാതാവ് ഇന്ദിര പരാതി നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം യുവതിയുടെ മൃതദേഹം കണ്ട മുറിയിലെ വിരലടയാളങ്ങള്‍ പരിശോധിച്ചു. നിരവധി നാളുകളായി യുവതിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരപരിപാടികള്‍ ആരംഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും അടൂര്‍ പ്രകാശ് എംഎല്‍എയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തുണ്ട്. തനൂജയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളുടെ നേതൃത്വത്തില്‍ 'തനൂജ ഫോര്‍ ജസ്റ്റിസ്' എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























