ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപക്ക് നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്ക് വി.ഐ.പി ദര്‍ശനം നല്‍കാനുള്ള തീരുമാനം വിവാദത്തിലേക്ക്; ഗുരുവായൂരിലെ വി.ഐ.പി ദര്‍ശനം പണം തട്ടാനെന്ന് കെ.പി.ശശികല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപക്ക് നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്ക് വി.ഐ.പി ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഇതോടൊപ്പം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉച്ചക്ക് ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. തീരുമാനം ശനിയാഴ്ച മുതല്‍ നടപ്പിലാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ദേവസ്വം ഭരണസമിതി തീരുമാനത്തിനെതിരെ പലരും രംഗത്തെത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയും സാഹിത്യകാരി ശാരദക്കുട്ടിയും രംഗത്തുവന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപ വാങ്ങി വി.ഐ.പി ദര്‍ശനത്തിന് വഴിയൊരുക്കുന്നത് പണം തട്ടാനാണെന്ന് കെ.പി.ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിചിത്രമായ വാദം ഉന്നയിച്ചാണ് ദേവസ്വം ഭരണ സമിതി രംഗത്തെത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം വാങ്ങി ദര്‍ശനം സൗകര്യം ഏര്‍പ്പാടാക്കികൊടുക്കുന്ന പൊരുത്ത് എന്ന പേരിലറിയപ്പെടുന്ന ദര്‍ശന മാഫിയകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം നടപ്പിലാക്കിയതെന്നാണ് ഭരണസമിതി പറയുന്നത്.
നിലവില്‍ 4,500 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ അഞ്ച് പേര്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശനം നടത്താം. ഈ സംവിധാനം നില നിറുത്തിയാണ് പുതിയ രീതി നടപ്പിലാക്കുന്നത്. 1000 രൂപക്ക് നെയ്‌വിളക്ക് ശീട്ടാക്കിയാല്‍ രസീതിയും പ്രസാദ കിറ്റും നല്‍കും. ഇവയുമായി ചെന്നാല്‍ വരി നില്‍ക്കാതെ കൊടിമരത്തിന് സമീപത്ത് കൂടെ ദര്‍ശനം നടത്താം. തിരക്കുള്ള ദിവസങ്ങളില്‍ നാലും, അഞ്ചും മണിക്കൂര്‍ വരി നിന്നാലാണ് ദര്‍ശനം നടത്താനാവുക. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ 1,000 രൂപക്ക് വഴിപാട് ശീട്ടാക്കിയാല്‍ എളുപ്പത്തില്‍ ദര്‍ശനം നടത്താനാകും.
ഒന്നോ,രണ്ടോ പേര്‍ മാത്രമായി വരുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഭക്തരുടെ നിരന്തര അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനം നടപ്പിലാക്കിയതെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ ഉച്ചക്ക് 1.30ന് ക്ഷേത്രനട അടച്ചിരുന്നത് ഇനി മുതല്‍ 2.30നായിരിക്കും അടയ്ക്കുക.
പുതിയ തീരുമാനപ്രകാരം ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് വഴിപാടാക്കാനും സൗകര്യമുണ്ട്. നിലവില്‍ ഉദയാസ്തമന പൂജയുടെ ബുക്കിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ പൂജ നടത്താന്‍ അവസരം ലഭിക്കുന്നത്. പുതിയ തീരുമാനങ്ങള്‍ നടപ്പിലാകുന്നതോടെ ദേവസ്വം വരുമാനത്തില്‍ വര്‍ധനയുണ്ടാകും. മലപ്പുറം ജില്ലയിലെ വേങ്ങാട് ഗോകുലം തൃശൂരിലേക്ക് മാറ്റുന്നതിന് 25 ഏക്കര്‍ സ്ഥലം ജില്ലയില്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























