രാജേഷിനെ ഇരുട്ടിന്റെ മറവിലെത്തി റെക്കോഡിംഗ് സ്റ്റുഡിയോയിലിട്ട് തുരെതുരെ വെട്ടി കൊലപ്പെടുത്തിയ അരുംകൊലയുടെ ഘാതകരെ വിടാതെ പിന്തുടർന്ന് അന്വേഷണ സംഘം; ഷൻസീർ ഉൾപ്പെടെ പിടിയിലായത് ക്വട്ടേഷൻ സംഘത്തിലെ നാലുപ്പേർ

മടവൂരിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷ് കുമാറിനെ റെക്കോഡിംഗ് സ്റ്റുഡിയോയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിലായി. കരുനാഗപ്പള്ളി സ്വദേശി ഷൻസീർ ആണ് പിടിയിലായത്. കൊലപാതകം നടത്തിയ സംഘത്തിൽ ഷൻസീർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികൾക്ക് സഹായം നൽകിയ സ്ഫടികം സ്വാതിയെ എന്നയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. രാജേഷിനെ വെട്ടിയ വാൾ കൈമാറിയത് സ്വാതിയാണ്. ക്വട്ടേഷൻ സംഘത്തെ സഹായിച്ച ബി.ടെക് ബിരുദധാരിയായ കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോർട്ടിൽ യാസി (23)നെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ മുഖ്യ പ്രതികളായ അലിഭായ് എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഗൂഢാലോചനയിൽ പങ്കാളികളാവുകയും പ്രതികൾക്ക് ഒളിത്താവളം ഒരുക്കുകയും ചെയ്തവരാണ് നേരത്തെ അറസ്റ്റിലായ സനുവും യാസിനും. നാടിനെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന മുഹമ്മദ് താലിഫ് കൊല്ലത്ത് വരുന്നതിന് മുമ്പ് ബംഗളുരുവിലുള്ള എൻജിനിയറിംഗ് വിദ്യാർത്ഥി യാസിനെ കണ്ടിരുന്നു.
തുടർന്നാണ് ഗുഢാലോചന നടന്നത്. മാർച്ച് 27ന് പുലർച്ചെയാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം മടവൂരിലുള്ള സ്റ്റുഡിയോയ്ക്ക് മുന്നിൽ വച്ച് രാജേഷിനെ വെട്ടി വീഴ്ത്തിയത്. കായംകുളത്തുകാരനും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ഇതുവരെ ലഭിച്ച സൂചന. ഇയാളുടെ മുൻ ഭാര്യയും ഖത്തറിൽ നൃത്താദ്ധ്യാപികയുമായ യുവതിയുമായി ഖത്തറിൽ വച്ചുള്ള രാജേഷിന്റെ സൗഹൃദവും തുടർന്നുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. രാജേഷിനെ വക വരുത്താൻ അബ്ദുൽ സത്താർ സുഹൃത്തും ജിംനേഷ്യം ട്രെയിനറുമായ സാലിഹ് ബിൻ ജലാലെന്ന അലി ഭായിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നും പറയുന്നു.
https://www.facebook.com/Malayalivartha

























