ഇടുക്കി കണ്ണംപടിയിൽ കാട്ടാന ശല്യം തുടർക്കഥയാകുന്നു; എലിഫന്റ്സ് സ്ക്വാഡും പരാജയം; നാട്ടുകാർ ഭീതിയിൽ

ആദിവാസികളുടെയും, നാട്ടുകാരുടെയും ഉറക്കം കെടുത്തി ഒരു മാസമായി നാടിനെ വിറപ്പിക്കുന്ന ഒറ്റയാൻ മുത്തംപടി മുതൽ കണ്ണംപടി വരെയുള്ള പ്രദേശങ്ങളിൽ വിളയാട്ടം തുടരുന്നു. കാട്ടിലേക്ക് തുരത്താനുള്ള എലിഫന്റ് സ്ക്വാഡിന്റെ ശ്രമവും പരാജയപ്പെട്ടു. സ്ക്വാഡ് മടങ്ങിയതിനു തൊട്ടുപിന്നാലെ ആന വീണ്ടും നാട്ടിലെത്തി. മൂന്നു വീടും ,നാലു ഷെഡ്ഢും, തകർത്ത ആന കൃഷിഭൂമിയിൽ കനത്ത നാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. വെള്ളം കോരാനും ,വിറകു ശേഖരിക്കാനും ഒന്നും കഴിയാതെ സ്ത്രീകളും, കുട്ടികളും വീടിനുള്ളിൽ ഭയന്നു വിറച്ചു കഴിഞ്ഞുകൂടുകയാണ്.
കണ്ണംപടിയിലേക്കുള്ള റോഡിൽ മിക്കപ്പോഴും മണിക്കൂറുകളോളം മാർഗ്ഗ തടസ്സവും സൃഷ്ടിക്കുന്നുണ്ട് .സന്ധ്യയായാൽ വാഹനങ്ങൾ ഇതുവഴിയുള്ള യാത്ര മുടക്കുകയാണ്. കാടിനുള്ളിലെ നാശങ്ങൾക്കേ വനംവകുപ്പ് നഷ്ടപരിഹാരം നൽകുകയുള്ളു ഇത് മുത്തംപടി മേഖലയിൽ കാട്ടാന വിതച്ച നാശത്തിന് ഇരയായ കർഷകർക്ക് വിനയായി. സോളാർ വൈദ്യൂതി വേലി സ്ഥാപിക്കുകയാണ് ഒരു പരിഹാരമാർഗ്ഗമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടങ്കിലും ഇതു സംബന്ധിച്ച ഒരു നടപടിയും മുടന്നാട്ടു പോകുന്നില്ല.
സോളാർ വൈദ്യൂതി വേലി സ്ഥാപിച്ചാൽ സാധാരണ നിലയിലുള്ള ബാറ്ററി സംവിധാനം പോരെന്നും ഉദ്യോഗസ്ഥർ പറയുന്നു.ശേഷി കൂടിയ ഗുണനിലവാരമുളള ബാറ്ററിയല്ലങ്കിൽ വോൾട്ടേജ് കുറയുന്ന സന്ദർഭങ്ങളിൽ വൈദ്യൂതി വേലിയും ആന തകർക്കും. ട്രഞ്ച് നിർമ്മിക്കുന്നതാണ് ശാശ്വത പരിഹാരമെങ്കിലും വലിയ സാമ്പത്തിക ചെലവ് വരുന്നതിനാൽ ഈ പദ്ധതി ഏറ്റെടുക്കാനുള്ള സാധ്യത കറവാണ്. അടിയന്തിരമായി കാട്ടാന ശല്യം ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടേയും,ആദിവാസികളുടെയുംഅവശ്യം.
https://www.facebook.com/Malayalivartha


























