ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എവിടെ ? കോടതിയിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകിയത് മറ്റൊരു ഡോക്ടർ; ഗോവിന്ദചാമി തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ടത് ഫോറൻസിക് പിഴവ് കാരണം: പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് പുനഃപരിശോധിക്കാൻ സാധ്യത

ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി പ്രതിയായ കേസില്‍ ഡോ.ഉന്മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കിയതോടെ കേസ് പുനപരിശോധിക്കാനുള്ള സാധ്യത തെളിയുന്നു. ഡോ. ഉന്മേഷും ഡോ രാജേന്ദ്രപ്രസാദുമാണ് യഥാര്‍ത്ഥത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നുമില്ല. സുപ്രീംകോടതി വരെയെത്തിയ ഈ കേസില്‍ യഥാര്‍ത്ഥ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതു വരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നത് നിയമവൃത്തങ്ങളെ കുഴക്കും.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്മാര്‍ക്ക് കോടതിയില്‍ മൊഴി നല്‍കാന്‍ കഴിയാതിരുന്നത് കേസിന് വലിയ തിരിച്ചടിയായി. പ്രതി ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതും ഫൊറന്‍സിക് പിഴവ് കാരണമായിരുന്നു. റിപ്പോര്‍ട്ട് കണ്ടെടുക്കാനായാല്‍ കേസില്‍ പുതിയ വഴിത്തിരിവുണ്ടായേക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
2016 ഫെബ്രുവരി രണ്ടിനാണ് ഗോവിന്ദച്ചാമി പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ആക്രമിക്കുന്നതും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആറിന് മരിച്ചു. ഡോ.ഉന്മേഷും ഡോ. വി കെ രാജേന്ദ്ര പ്രസാദും നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഫൊറന്‍സിക് വിഭാഗം മേധാവിയായ ഡോ. ഷേര്‍ളി വാസുവിന് സമര്‍പ്പിച്ചു.
എന്നാല്‍ കോടതിയിലെത്തിയത് ഷേര്‍ളി വാസു സ്വന്തമായി തയ്യാറാക്കി അവരുടെ ഒപ്പോടുകൂടിയ മറ്റൊരു റിപ്പോര്‍ട്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്തവര്‍ക്ക് പകരം കോടതിയില്‍ മൊഴി നല്‍കിയതും ഷേര്‍ളി വാസു തന്നെ. ഷേര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടും മൊഴിയും ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തലയ്ക്കു ക്ഷതമേറ്റ പെണ്‍കുട്ടിയുടെ താടിയെല്ലും കവിളെല്ലും 13 പല്ലും തകര്‍ന്ന അവസ്ഥയിലായിരുന്നു. ഗോവിന്ദച്ചാമി പെണ്‍കുട്ടിയെ മലര്‍ത്തിക്കിടത്തിയപ്പോള്‍ രക്തപ്രവാഹം ശ്വാസകോശത്തിലേക്ക് കയറി തടസ്സമുണ്ടാകുകയും തലച്ചോറിലേക്ക് ഓക്‌സിജന്‍ കിട്ടാതെ വരികയും ചെയ്തതാണ് മരണകാരണമെന്നാണ് ഷേര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇത് ഗോവിന്ദച്ചാമിക്ക് തുണയായി. മലര്‍ത്തിക്കിടത്തിയാല്‍ മരിക്കുമെന്ന് ഗോവിന്ദച്ചാമിക്ക് അറിയില്ലായിരുന്നുവെന്നും ബലാത്സംഗം മാത്രമായിരുന്നു അയാളുടെ ഉദ്ദേശ്യമെന്നും കോടതി നിഗമനത്തിലെത്തിയത് ഷേര്‍ളി വാസുവിന്റെ ഈ മൊഴിയിലൂടെയാണ്.
https://www.facebook.com/Malayalivartha
























