കോണ്‍ഗ്രസിന് സുഗമമായി കടന്നുകയറാവുന്ന വയനാട്ടില്‍ എ ഗ്രൂപ്പുകാര്‍ പുറത്താക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസില്‍ പിടിവലി മുറുകുമ്പോള്‍, രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ വിശ്വസ്തനായിരിക്കും നറുക്കുവീഴുക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസില്‍ പിടിവലി മുറുകുമ്പോള്‍, രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ വിശ്വസ്തനായിരിക്കും നറുക്കുവീഴുക. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുണ്ടാകും. കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ഉറപ്പുള്ള മണ്ഡലമായതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ രമേശ്‌ചെന്നിത്തലയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. രമേശിന്റെ താല്‍പര്യത്തിന് മുസ്ലീംലീഗിന്റെ പച്ചകൊടികുടി കിട്ടിയാലേ സ്ഥാനാര്‍ത്ഥിയെ ഉറപ്പിക്കാനാകൂ.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പിടിവലി നടക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണെന്നതു തന്നെയാണ് ഇതിന് കാരണം. ടി.സിദ്ദിഖും, എം.എം.ഹസ്സനും ഷാനിമോള്‍ ഉസ്മാനും ഉള്‍പ്പെടെ ഒരുപട തന്നെ ഈ സീറ്റിന് വേണ്ടി രംഗത്തുണ്ട്. എന്നാല്‍ സീറ്റ് രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനായിരിക്കും എന്ന് മാത്രമല്ല, പ്രതിപക്ഷനേതാവിന്റെ മനസാക്ഷിസൂക്ഷിപ്പുകാരായ ആരെങ്കിലുമായിരിക്കും ഇവിടെ അവതരിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഹൈക്കമാന്‍ഡും എ.കെ.ആന്റണിയുമൊക്കെ പലതും പറയുന്നുണ്ടെങ്കിലും ഇക്കുറിയും ഗ്രൂപ്പടിസ്ഥാനത്തില്‍ തന്നെയായിരിക്കും കോണ്‍ഗ്രസിലെ സീറ്റ് വിഭജനം. സിറ്റിംഗ് എം.പിമാര്‍ മത്സരിക്കുന്ന സീറ്റുകള്‍ ഒഴികെ മറ്റുള്ളവയൊക്കെ എ-ഐ ഗ്രൂപ്പ് വീതം വയ്ക്കലില്‍ തന്നെ പോകും. കേരളത്തിലെ ഗ്രൂപ്പുകളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അംഗീകരിച്ച മട്ടാണ്. അതാണ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഒരുപോലെ അവര്‍ പ്രോത്സാഹിപ്പിക്കുന്നതും. ആ സാഹചര്യത്തില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കുന്നത് ഒഴികെ എട്ടോളം സീറ്റുകള്‍ എ-ഐ വീതം വയ്പ്പ് നടക്കും. ഇതില്‍ ചിലതില്‍ ഹൈക്കമാന്‍ഡ് നിശ്ചയിക്കുന്ന സ്ഥാര്‍ത്ഥികളെ പരിഗണിക്കേണ്ടിവരും. മാത്രമല്ല, സിറ്റിംഗ് സീറ്റിലും ചിലപ്പോള്‍ ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ അവതരിക്കും.
ഗ്രൂപ്പ് വീതം വയ്ക്കുമ്പോള്‍ വയനാട് സീറ്റ് ഐ ഗ്രൂപ്പിന്റെ പട്ടികയിലാണ് വന്നുചേരുക. എം.ഐ ഷാനവാസായിരുന്നു ഇവിടുത്തെ എം.പി. ഷാനവാസിനെ ഐ ഗ്രൂപ്പായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ സീറ്റ് ഐ ഗ്രൂപ്പിന് അര്‍ഹതപ്പെട്ടതാണെന്നാണ് അവരുടെ വാദം. ഇത് എ ഗ്രൂപ്പിന് അംഗീരിച്ചുകൊടുക്കേണ്ടതായും വരും. അല്ലെങ്കില്‍ അവരുടെ സീറ്റുകളില്‍ പ്രശ്‌നങ്ങള്‍ തലപൊക്കും.
അത്തരത്തില്‍ വയനാട് സീറ്റ് ലഭിച്ചാല്‍ പിന്നെ സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയായിരിക്കും തീരുമാനിക്കുക. ഉറപ്പായ സീറ്റായതുകൊണ്ടുതന്നെ തന്റെഏറ്റവും വിശ്വസ്തനാണ് അവിടെ മത്സരിക്കേണ്ടതെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാലും ലീഗിന്റെ കൂടി പിന്തുണ ആവശ്യമായി വരും. മുസ്ലീംലീഗിനുകൂടി സ്വീകാര്യനായ വ്യക്തിയെ മാത്രമേ അവിടെ രംഗത്തിറക്കാന്‍ രമേശും തയാറാകുകയുള്ളു. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണെങ്കിലും മുസ്ലീംലീഗിന്റെ പിന്തുണയും ഈ സീറ്റില്‍ വിജയം ഉറപ്പാക്കാന്‍ നിര്‍ണ്ണായകമാണ്. വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലവുമാണ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ, പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവനമ്പാടി, മലപ്പുറം ജില്ലയിലുള്ള ഏറനാട്, നിലമ്പൂര്‍, പട്ടികജാതി മണ്ഡലമായ വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇതില്‍ ഏറനാടും തിരുവമ്പാടിയും ലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ഈ രണ്ടു മണ്ഡലങ്ങളിലെ വോട്ടുകള്‍ ലഭിക്കണമെങ്കില്‍ ലീഗിനുകൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയായിരിക്കണം മത്സരരംഗത്ത് വ;രേണ്ടത്. അതുകൊണ്ട് ലീഗിനുകൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയാണ് രമേശിന്റെ മനസിലുള്ളത്.
നിലവില്‍ രംഗത്തുള്ളവരാരും തന്നെ ഐഗ്രൂപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നവരല്ല. ടി. സിദ്ദിഖും എം.എം.ഹസ്സനും ഉമ്മന്‍ചാണ്ടിയുടെ ശക്തരായ അനുയായികളാണ്. പിന്നെ സീറ്റ് മോഹവുമായി നടക്കുന്ന ഷാനിമോള്‍ ഉസ്മാനാണെങ്കില്‍ ഈ നേതാക്കളുടെ കണ്ണിലെ കരടുമാണ്. മുന്‍ ഐ ഗ്രൂപ്പുകാരിയാണെങ്കിലൂം ഇപ്പോള്‍ അവരെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇത്രയും പ്രതിസന്ധിയുള്ളതുകൊണ്ടുതന്നെ വയനാട് സീറ്റ് കോണ്‍ഗ്രസിനുള്ളില്‍ ഏറെ ചര്‍ച്ചാവിഷയവുമാകുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെകടുക്കുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. തര്‍ക്കം മുറുകുമ്പോള്‍ ഷാനവാസിന്റെ മകള്‍ അമിനയുടെ സാദ്ധ്യത തെളിയുന്നത്. ഇതിനെ വെട്ടാനും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















