ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി

പാക്കിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വര്‍ധമാനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചതായി വാർത്താ എജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. പൈലറ്റിനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകൾക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചു.
പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു. പൈലറ്റിനെ തിരികെ കിട്ടുന്നതിനായി ചെയ്യാനാകുന്നതെല്ലാം ഇന്ത്യ ചെയ്യുമെന്നാണു ഉന്നതവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. വൈകിട്ട് അഞ്ചിന് മൂന്ന് സേനകളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ഇന്ത്യ അന്തിമ നിലപാട് അറിയിക്കും.
അതേസമയം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ മന്ത്രി പരിശോധിക്കും. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും.
മൂന്നു സേനാ വിഭാഗങ്ങളുടെയും സംയുക്ത വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവൻമാര്‍ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവും നടക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. കശ്മീരിലെ സാഹചര്യങ്ങൾ വഷളായതിൽ ജപ്പാൻ ഉത്കണ്ഠ രേഖപ്പെടുത്തി. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി അപലപിക്കുകയാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം.
ഇന്ത്യയും പാക്കിസ്ഥാനും ആക്രമണ നീക്കങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യസുരക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം മോദി കാണുന്നില്ല. സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും വേണുഗോപാൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















