പാക്ക് പ്രകോപനമുണ്ടായാൽ മറുപടിക്കു സുസജ്ജമെന്ന് സേനാമേധാവികള്‍ ; പാക്ക് വ്യോമാക്രമണത്തിന്റെ തെളിവുകൾ പുറത്തുവിട്ടു

പാകിസ്താന്റെ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൈന്യം സുസജ്ജമെന്ന് സേനാമേധാവികള്‍. പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ കര-നാവിക-വ്യോമ സേനാ മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൈനിക നടപടികളെക്കുറിച്ച് വിശദീകരിച്ചത്. അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങള്‍ കിഴക്കന്‍ രജൗറിയില്‍ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സൈന്യം സുസജ്ജമാണെന്ന് സേനാ മേധാവികള്‍ വ്യക്തമാക്കി. പാക് വിമാനങ്ങളെ പ്രതിരോധിച്ച് തുരത്താന്‍ കഴിഞ്ഞു. പാക് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും അത് നാശമുണ്ടാക്കിയില്ല. കിഴക്കന്‍ രജൗറിയില്‍ പാകിസ്താന്റെ എഫ് 16 വിമാനം വ്യോമസേനയുടെ മിഗ് 21 ബിസോണ്‍ വെടിവെച്ചിട്ടു. അമ്രാം മിസൈലാണ് പാകിസ്താന്‍ വര്‍ഷിച്ചത്. ഇത് എഫ് 16 വിമാനത്തില്‍ നിന്ന് മാത്രമേ തൊടുക്കാന്‍ കഴിയൂവെന്നും വ്യോമസേന മേധാവി പറഞ്ഞു. പാകിസ്താന്‍ പ്രയോഗിച്ച അമ്‌റാം മിസൈലിന്റെ അവശിഷ്ടവും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതുകൊണ്ടാണ് തിരിച്ചടിക്കേണ്ടി വന്നതെന്നും സൈനിക മേധേവികള്‍ വ്യക്തമാക്കി.
രണ്ട് ദിവസത്തിനുള്ളില്‍ 35 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സുന്ദര്‍ബനി, ബിംബേര്‍, നൗഷേര, കൃഷ്ണ ഗാട്ടി എന്നിവടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ഭീകരവാദികളെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്ന് മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് മഹാല്‍ പറഞ്ഞു.
ബലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് കൃത്യമായ എണ്ണം ഇപ്പോള്‍ പറയാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. എന്നാല്‍ എന്താണോ നാം ലക്ഷ്യംവെച്ചത് അത് നേടാനായെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ മോചിതനാകുന്നുവെന്ന വാര്‍ത്ത സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും സൈനിക മേധാവികള്‍ പറഞ്ഞു.
പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചതിനു പിന്നാലെ വൈകിട്ട് ഏഴു മണിയോടെയാണ് സേനാ വക്താക്കൾ മാധ്യമങ്ങളെ കണ്ടത്. നേരത്തെ പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് അഭിനന്ദനെ വിട്ടയയ്ക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്. പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നതായി ഇമ്രാൻ വിശദീകരിച്ചു. എന്നാൽ അദ്ദേഹത്തെ ലഭ്യമായില്ല. ഭയന്നിട്ടല്ല, സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. പൈലറ്റിനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകൾക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചു. പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തി അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവൻമാര്‍ ഇന്ന് പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവുമുണ്ട്.
അതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. കശ്മീരിലെ സാഹചര്യങ്ങൾ വഷളായതിൽ ജപ്പാൻ ഉത്കണ്ഠ രേഖപ്പെടുത്തി. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ആക്രമണ നീക്കങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യസുരക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം മോദി കാണുന്നില്ല. സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും വേണുഗോപാൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















