ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി; ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറു സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി; മഹാസഖ്യ സാധ്യതകള്‍ അവസാനിക്കുന്നു

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഉറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറു സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് മഹാസഖ്യ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചത്.
ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷി മര്‍ലിന, സൗത്ത് ഡല്‍ഹിയില്‍ രാഘവ് ഛദ്ദ, ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ദിലീപ് പാണ്ഡേ, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഗഗന് സിംഗ്, ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രജേഷ് ഗോയല്‍ എന്നിവരാണ് എഎപി സ്ഥാനാര്‍ഥികള്‍. ശേഷിക്കുന്ന ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് പിന്നീട് പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് അറിയിച്ചു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ ബിജെപിയാണു വിജയിച്ചത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ സീറ്റുകള്‍ ബിജെപിയില്‍നിന്നു പിടിച്ചെടുക്കാന്‍ കഴിയുമെന്ന് എഎപി നേതൃത്വം പ്രതീക്ഷിക്കുന്നു.
മഹാസഖ്യം രൂപീകരിക്കാത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ ഗോപാല്‍ റായ് വിമര്‍ശനമുന്നയിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിതിനും രാഹുല്‍ ഗാന്ധിക്കും സഖ്യത്തില്‍ താത്പര്യമില്ലെന്നും എഎപി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























