മാനസികമായി പീഡിപ്പിച്ചത് മണിക്കൂറുകളോളം ; അഭിനന്ദൻ വർദ്ധമാന് മാനസികമായി പീഡനമേൽക്കേണ്ടി വന്നതിൽ ഇന്ത്യ പാകിസ്ഥാനോട് പ്രതിഷേധം അറിയിക്കാൻ സാധ്യത

പാക് അധീന കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് മാനസികമായി പീഡനമേൽക്കേണ്ടി വന്നതിൽ ഇന്ത്യ പാകിസ്ഥാനോട് പ്രതിഷേധം അറിയിക്കാൻ സാധ്യത. പാകിസ്ഥാൻ തടങ്കലിൽ തനിക്ക് ശാരീരിക പീഡനം ഏൽക്കേണ്ടി വന്നില്ല എന്ന് വ്യക്തമാക്കിയ അഭിനന്ദൻ, എന്നാൽ തനിക്ക് മാനസികമായി പീഡനം ഏൽക്കേണ്ടി വന്നതായി വ്യക്തമാക്കിയിരുന്നു. ശാരീരിക മർദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാൻ കരസേനയും ഐഎസ്ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് ചൂണ്ടികാട്ടി നയതന്ത്രതലത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. വ്യോമസേനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുന്നതിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം തീരുമാനം എടുക്കുന്നത്. അതേസമയം അഭിനന്ദനെ തിരിച്ചു കിട്ടിയതിനാൽ ഈ വിഷയത്തിൽ ഇന്ത്യ അന്താരാഷ്ട്ര സംഘടനകളോട് പാകിസ്ഥാനെതിരെ പരാതിപ്പെടാൻ സാധ്യത വളരെ കുറവാണ്.
പാക് സൈന്യം പിടികൂടിയ അഭിനന്ദൻ വർദ്ധമാനെ തടങ്കലിൽ വച്ചിരിക്കുമ്പോൾ ചിത്രീകരിച്ച നിരവധി വീഡിയോകൾ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. ആ വീഡിയോകളിൽ പാകിസ്ഥാൻ സേന തന്നോട് മാന്യമായാണ് പെരുമാറിയതെന്നാണ് അഭിനന്ദൻ പറയുന്നത്. എന്നാൽ ഇവ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിച്ചതായിരുന്നുവെന്ന്, അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയെന്ന രീതിയിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാകും നടപടി.
വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ 'ഡീ ബ്രീഫിംഗ്' സെഷനുകളിലാണ് പാക് കസ്റ്റഡിയിൽ താൻ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദൻ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദൻ വ്യക്തമാക്കി. അഭിനന്ദന്‍റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പാകിസ്ഥാൻ പുറത്തു വിട്ട വീഡിയോകളിൽ പാക് സൈന്യം നല്ല രീതിയിൽ പെരുമാറിയെന്ന് പറഞ്ഞതും കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ഡീ ബ്രീഫിംഗ് സെഷനിലാണ് വെളിവായത്.
ഫെബ്രുവരി 26-ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്‍റെ വെടിയേറ്റ് അഭിനന്ദന്‍റെ മിഗ് 21 വിമാനം പാക് അധീന കശ്മീരിൽ ചെന്ന് പതിച്ചത്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദനെ പാക് അധീന കശ്മീരിലെ നാട്ടുകാർ പിടികൂടി മർദ്ദിച്ചിരുന്നു. വാരിയെല്ലിന് പരിക്ക് പറ്റിയത് അവിടെ നിന്നാകാനാണ് സാധ്യത. പിന്നീട് പാകിസ്ഥാൻ പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















