ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട് ; വാർത്തകളോട് പ്രതികരിക്കാതെ പാകിസ്താൻ

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച്ച മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക്കിസ്ഥാന് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നു വിദേശകാര്യമന്ത്രി ഷാ ഖുറേഷി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. മസൂദ് അസ്ഹര്‍ കടുത്ത വൃക്കരോഗം നേരിടുകയാണ്. ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അസ്ഹറിനെ ആഗോള തീവ്രവാദിയായി മുദ്രകുത്താന്‍ ഇന്ത്യ യുഎന്നില്‍ നടത്തുന്ന ശ്രമങ്ങള്‍ പാക്കിസ്ഥാനുവേണ്ടി ചൈന തടയുകയാണ്.
അൽ ഖ്വയ്‍ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസർ. 1993 മുതലാണ് ബിൻ ലാദനും അസറും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നൽകുന്നതിൽ അസർ മുന്നിട്ടിറങ്ങിയിരുന്നു.
1999-ല്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഖാണ്ഡഹാറിൽ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ മസൂദ് അസറിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















