ഗർജിക്കാൻ എ കെ 203 ,സുരക്ഷാ സേനക്ക് പുതിയ തോക്കുകൾ ; തികഞ്ഞ ഉറപ്പോടെ ഉപയോഗിയ്ക്കാവുന്ന ഒരു റൈഫിളിനായി കാത്തിരുന്ന സുരക്ഷാസേനയുടെ ആഗ്രഹസഫലീകരണത്തിന് എ കെ 203 പര്യാപ്തം

ഉത്തര്‍ പ്രദേശിലെ അമേത്തി ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച എ കെ 203 റൈഫിള്‍ നിര്‍മ്മാണ യൂണിറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടപ്പോള്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ് .
സൈനിക ശക്തിയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെങ്കിലും , എല്ലാ കാലാവസ്ഥയിലും ഒരു പോലെ ഉപയോഗിയ്ക്കാന്‍ കഴിയുന്ന ഒരു അസോള്‍ട് റൈഫിളിനായി ഇന്ത്യന്‍ സൈനികര്‍ കാത്തിരിയ്ക്കുകയായിരുന്നു . കാരണം ഇപ്പോള്‍ അവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന 'ഇന്ത്യ സ്മാള്‍ ആം സിസ്റ്റം റൈഫിള്‍ '( ഐ എന്‍ എസ് എ എസ് )-ന് വളരെ അധികം പ്രശ്‌നങ്ങള്‍ ഉണ്ട് .ഗണ്‍ ജാമ്മിംഗ് ,3 റൗണ്ട് ഫയര്‍ ചെയ്യാനായി സെറ്റ് ചെയ്തു വച്ചിരിയ്ക്കവേ റൈഫിള്‍ സ്വയം ഓട്ടോമാറ്റിക് മോഡിലേക്ക് പോകുക, ആക്രമണത്തില്‍ ഉപയോഗിച്ച് കൊണ്ടിരിക്കവേ അതില്‍ നിന്നും എണ്ണ ഉതിര്‍ന്നു സൈനികന്റെ കണ്ണില്‍ വീഴുക എന്നിങ്ങനെ നിരവധി കുറവുകള്‍ ഉള്ള ഒരു റൈഫിള്‍ ആണ് ഐ എന്‍ എസ് എ എസ് റൈഫിള്‍ . 1999 കാര്‍ഗില്‍ യുദ്ധ കാലത്തു തന്നെ , ഈ റൈഫിള്‍ ഉപയോഗിയ്ക്കവേ. കൊടും തണുപ്പില്‍ ഗണ്‍ ജാമ്മിംഗ് സംഭവിച്ചതായും , അതിന്റെ മാഗസിന്‍ ഒടിഞ്ഞതായും തന്മൂലം ശത്രുക്കളെ നേരിടുന്നതിന് കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും സൈനികര്‍ പരാതിപ്പെട്ടിരുന്നു .
പ്രസ്തുത റൈഫിളിന്റെ ഗുണനിലവാരം തൃപ്തികരം അല്ലാത്തതിനാല്‍ കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ നിയോഗിയ്ക്കപ്പെടുന്ന സൈനികര്‍ , യാതൊരു ആശങ്കയും ഇല്ലാതെ ഉപയോഗിയ്ക്കാന്‍ കഴിയുന്ന എ കെ -47 -നും ഇറക്കുമതി ചെയ്ത മറ്റു ഗ ണ്ണുകളും ഉപയോഗിയ്ക്കാന്‍ തുടങ്ങി .തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ അധികരിച്ച ഇടങ്ങളില്‍ ഉപയോഗിയ്ക്കുന്നതിന് സി ആര്‍ പി എഫും, എ കെ 47 -നെ ആശ്രയിയ്ക്കാന്‍ ആരംഭിച്ചു .പാരാ കമ്മന്‍ഡോസ് , മാര്‍ക്കോസ് എന്നറിയപ്പെടുന്ന മറൈന്‍ കമാന്‍ഡോസ്, ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ സ്പെഷ്യല്‍ ഫോഴ്‌സ് ആയ ഗരുഡ് കമാന്‍ഡോസ്, ദേശീയ സുരക്ഷാ സേന ( ആന്റി ടെറര്‍ ) വരെ ജര്‍മന്‍ നിര്‍മ്മിതമോ, ഇസ്രായേല്‍ നിര്‍മ്മിതമോ ആയ ഓട്ടോമാറ്റിക് റൈഫിള്‍ ആയ ഹെക്ളര്‍, അല്ലെങ്കില്‍ കോ ഷ് എം പി-5 സബ് മെഷീന്‍ ഗണ്ണുകളോ , ടാവോര്‍ റൈഫിളുകളോ ഉപയോഗിയ്ക്കാന്‍ തുടങ്ങി . വി വി ഐ പി കള്‍ക്ക് സുരക്ഷ ഒരുക്കുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ , ബെല്‍ജിയം നിര്‍മ്മിത എഫ് എന്‍ എഫ്-2000 ബുള്‍പാപ് അസോള്‍ട് റൈഫിള്‍ ആണ് ഇഷ്ടപ്പെടുന്നത് .കുറഞ്ഞ പരിധിയ്ക്കുള്ളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് അവ വളരെ അനുയോജ്യമാണെന്നാണ് അവരുടെ പക്ഷം .
തിരുച്ചിറപ്പള്ളി ഫാക്ടറിയിലും ,കാണ്‍പൂര്‍ സ്മാള്‍ ആം ഫാക്ടറിയിലും പശിമ ബംഗാളിലെ ഇഛാപൂരിലുള്ള റൈഫിള്‍ ഫാക്ടറിയിലുമായി നിര്‍മിയ്ക്കുന്ന ഐ എന്‍ എസ് എ എസ് (ഇന്‍സാസ്) റൈഫിളുകള്‍ ശത്രുവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല മറിച്ചു അവരുടെ ശക്തി ക്ഷയിപ്പിയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് .അതെ സമയം കൊല്ലുവാന്‍ തന്നെ ലക്ഷ്യമിട്ട് നിര്‍മ്മിച്ചിട്ടുള്ള എ കെ 47 ഉപയോഗിച്ച് നിര്‍ബാധം കൊല നടത്തുകയാണ് ജമ്മു കാശ്മീരിലെ ഭീകരവാദികളും , വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ തീവ്രവാദികളും ,നക്‌സലുകളും എല്ലാം . ഇവരെ നേരിടുന്ന സുരക്ഷാ സേന വലിയ വെല്ലുവിളിയാണ് നേരിടുന്നത് .
ഇന്‍സാസ് റൈഫിളുകള്‍ക്ക് 400 മീറ്റര്‍ റേഞ്ച് ഉള്ളത് വളരെ ഫലപ്രദമാണ് . അതിന്റെ ഗണ്‍ മാഗസിന് 20 റൗണ്ട് ഫയര്‍ ചെയ്യാനുള്ള ബുള്ളറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാനാവും .അതില്‍ നിന്നും എത്ര ബുള്ളറ്റുകള്‍ പുറപ്പെട്ടിട്ടുണ്ട് എന്നത് തിരിച്ചറിയാനുള്ള ശേഷി അതിനുണ്ടെങ്കിലും അതിന്റെ മാഗസിന്‍ താഴെ വീണു പോയാല്‍ പെട്ടെന്ന് ഉടഞ്ഞു പോകാറുണ്ട് എന്നത് വലിയൊരു പോരായ്മയാണ് .ഇന്‍സാസ് റൈഫിളുകള്‍ക്ക് നീളവും ഭാരവും കൂടുതലുമാണ് .
അതെ സമയം ഇപ്പോള്‍ റഷ്യയുടെ സഹകരണത്തോടെ അമേത്തി ഫാക്ടറിയില്‍ നിര്മിയ്ക്കാന്‍ ലക്ഷ്യമിടുന്ന എ കെ -203 ആകട്ടെ എ കെ -47 ന്റെ പരിഷ്‌കരിച്ച പതിപ്പാണ് .അതിന്റെ മാഗസിന് 30 റൗണ്ടിനുള്ള ബുള്ളറ്റുകള്‍ കരുതി വയ്ക്കാനാവും .400 മീറ്റര്‍ റേഞ്ചിനുള്ളില്‍ അതിനു 100 % കൃത്യതയുമുണ്ടെന്നാണ് കരുതുന്നത് .ഇന്‍സാസ് റൈഫിളുകളേക്കാള്‍ നീളവും ഭാരവും കുറഞ്ഞതുമാണിത് . കൂടാതെ ഇതിന് ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലൗഞ്ചര്‍, ബയണറ്റ് എന്നിവ വഹിയ്ക്കാനാവും . ഈ റൈഫിളിന്റെ എല്ലാ പതിപ്പുകള്‍ക്കും അതിവേഗത്തില്‍ നീക്കം ചെയ്യാനാ വുന്ന ടാക്ടിക്കല്‍ സൗണ്ട് സപ്പ്രസറുകളെ കൂട്ടിച്ചേര്‍ക്കാനാവും എന്ന സവിശേഷതയുമുണ്ട് .എ കെ -203 -ലെ 7.62 എംഎം വെടിയുണ്ടകള്‍ നാറ്റോ ഗ്രേഡ് ആയതിനാല്‍ വളരെ ശക്തിയേറിയതാണ് .ഒരു മിനിറ്റില്‍ 600 വെടിയുണ്ടകള്‍ പായിയ്ക്കാന്‍ ഇതിന് സാധിയ്ക്കും എന്ന് പറഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ അതില്‍ നിന്നും ഉതിരുന്നത് 10 ബുള്ളറ്റുകളാണ് എന്നാണര്‍ത്ഥം .ഓട്ടോമാറ്റിക് മോഡിലും സെമി ഓട്ടോമാറ്റിക് മോഡിലും ഇതിനെ പ്രവര്‍ത്തിപ്പിയ്ക്കാനാവും .എ കെ സീരീസിലുള്ള ഗണ്ണുകളുടെ ഏറ്റവും വലിയ പ്രത്യേകത ഈ സീരീസിലുള്ള ഗണ്ണുകള്‍ ജാം ആവുകയേ ഇല്ല എന്നതാണ് .ഈ കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഏത് കാലാവസ്ഥയിലും ഉപയോഗിയ്ക്കാനാവുന്നതാണ,് മണ്ണിലും മണലിലും ജലത്തിലും ഇവ ഒരു പോലെ ഫലപ്രദമാണ് .
വളരെ ഫലപ്രദമായതിനാല്‍ 50-തില്‍ അധികം രാജ്യങ്ങളാണ് എ കെ 47-റൈഫിളുകള്‍ ഉപയോഗിയ്ക്കുന്നത് . 30-തില്‍ പരം രാജ്യങ്ങള്‍ക്കു തദ്ദേശീയമായി ഇത് നിര്‍മ്മിയ്ക്കാനുള്ള ലൈസെന്‍സ് ഉണ്ട് . 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ കീഴില്‍ അമേത്തി ഫാക്ടറിയില്‍ ഏഴ് ലക്ഷം എ കെ -203 റൈഫിളുകള്‍ ആണ് നിര്‍മ്മിയ്ക്കപ്പെടുക. അതോടെ ഇന്‍സാസ് റൈഫിളുകള്‍ സേനയില്‍ നിന്നും ഒഴിവാക്കും .പിന്നീട് സംസ്ഥാന പോലീസ് സേനകള്‍ക്കും എ കെ -203 റൈഫിളുകള്‍ നല്‍കാനാണ് ഉദ്ദേശം. റൈഫിളിന്റെ ഗ്യാസ് ചേമ്പറും സ്പ്രിംഗും കൂടുതല്‍ മെച്ചപ്പെട്ടതാക്കി നിര്‍മിയ്ക്കുകയാണ് ആദ്യ ഘട്ടത്തില്‍ അമേത്തി ഫാക്ടറിയില്‍ ചെയ്യുവാന്‍ ലക്ഷ്യമിടുന്നത് . അതിനു ശേഷം മാത്രമേ റൈഫിളുകള്‍ നിര്‍മ്മിച്ച് തുടങ്ങുകയുള്ളൂ .
https://www.facebook.com/Malayalivartha





















