രണ്ട് വെള്ള കടുവകളെ ദത്തെടുത്ത് നടൻ വിജയ് സേതുപതി;മൃഗശാലയ്ക്ക് അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി

നടന്‍ വിജയ് സേതുപതി രണ്ട് വെള്ള കടുവകളെ ദത്തെടുത്തു. ചെന്നൈ വണ്ടലൂർ മൃഗശാലയിൽ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആർതി എന്നീ കടുവകളെ ദത്തെടുത്തത്. കടുവകളെ സംരക്ഷിക്കുന്നതിനായി മൃഗശാല അധികൃതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്കും താരം കൈമാറി. മൃഗശാലയിൽ സംഘടിപ്പിച്ച ചെറിയ ചടങ്ങിൽ വച്ചാണ് താരം പണം കൈമാറിയത്.
തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. പിന്നീട് മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേയ്ക്ക് രണ്ട് കടുവകളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ആറ് മാസത്തിന് ശേഷം മറ്റ് മൃഗങ്ങളിലൊന്നിനെ ദത്തെടുക്കാൻ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി. മൃഗശാലയിൽ നിന്ന് ഏതെങ്കിലും ഒരു മൃഗത്തെ ആളുകൾ ദത്തെടുക്കണമെന്നായിരുന്നു മൃഗശാലയിലെത്തിയവരോട് താരത്തിന്റെ അഭ്യർത്ഥന. 2009 ലാണ് മൃഗങ്ങളെ ദത്തെടുക്കല്‍ പദ്ധതി വണ്ടലൂര്‍ മൃഗശാലയില്‍ ആരംഭിച്ചത് .71.61 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം വരെ മൃഗശാലയ്ക്ക് ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha





















