കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എംഎൽഎ രാജിവെച്ചു; കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന് ഉമേഷ് രാജിക്കത്ത് കൈമാറി

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ ഉമേഷ് ജാദവാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന് ഉമേഷ് രാജിക്കത്ത് കൈമാറി.
കർണാടകയിൽ മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയിൽ വെച്ച് ഉമേഷ് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ ഗുൽബർഗ മണ്ഡലത്തിൽ നിന്ന് ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ചിഞ്ചോളിയിൽ നിന്നും മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് ഉമേഷ് ജാദവ്. കർണാടകയിലെ നാല് വിമത എംഎൽഎമാരിൽ ഒരാളായിരുന്നു അദ്ദേഹം. അതേസമയം ഉമേഷ് ജാദവിനെതിരെ കൂറ് മാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടക ഭരിക്കുന്ന കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ തകർക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha





















