തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണപ്രതിപക്ഷ ഐക്യം പൊളിയുന്നു, വ്യോമാക്രമണത്തെ അനുകൂലിച്ചും എതിര്‍ത്തും ഭരണപ്രതിപക്ഷങ്ങള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യത്തിന്റെ വീരോജ്ജ്വലമായ ചെറുത്തുനില്‍പ്പും ആത്മസമര്‍പ്പണവും രാജ്യത്തിന്റെ മാനം കാക്കാന്‍ ജീവത്യാഗം വരെ ചെയ്യുന്ന അവസരത്തില്‍ ഭാരതീയരാകെ അവര്‍ക്കു പിന്നില്‍ സര്‍വ്വാത്മനാ പിന്തുണയുമായി നില കൊള്ളുമ്പോള്‍ നിസ്തുലമായ ആ രാജ്യസ്‌നേഹത്തെ കേവലം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിലപ്പുറം മറ്റൊരു ദുഷ്‌കൃത്യമില്ല. നിര്‍ഭാഗ്യവശാല്‍ അതും നമ്മുടെ രാജ്യത്ത് നടക്കുന്നു എന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള വാക്‌പോരില്‍ മൂക്കത്തു വിരല്‍ വയ്ക്കുകയാണ് രാജ്യം.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെയും തുടര്‍ന്ന് പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തെയും ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കുകയാണ്. ഇന്ത്യയ്ക്ക് റഫേല്‍ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന മോദിയുടെ പ്രസ്താവന ഒരേസമയം ഇന്ത്യയുടെ പരാജയം സമ്മതിച്ചുകൊടുക്കുന്നതും രാജ്യാഭിമാനത്തെ മുറിപ്പെടുത്തുന്നതും അതിനെല്ലാമുപരി ഒരു വലിയ നുണയാണെന്നും പ്രതിപക്ഷം ആക്ഷേപിക്കുന്നു. ഇന്ത്യയ്ക്ക് റഫേലിന്റെ അഭാവം അനുഭവപ്പെട്ടെന്നും കരാറിന്റെ പേരിലെ രാഷ്ട്രീയഈഗോ രാജ്യത്തെ മുറപ്പെടുത്തിയെന്നുമാണ് ദല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് മോദി പ്രഖ്യാപിച്ചത്. ഇത് സെല്‍ഫ് ഗോളാണെന്നാണ് രാഹുല്‍ പറയുന്നത്.
സത്യത്തില്‍ റഫേല്‍ യുദ്ധവിമാനം വാങ്ങുന്ന പ്രക്രിയ അനന്തമായി നീട്ടീക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ബിജെപിയ്ക്കാണെന്നാണ് പ്രതിപക്ഷം പറയുന്നത്. മാത്രമല്ല, അവര്‍ അധികാരത്തില്‍ വന്നതിനുശേഷം അതില്‍ വലിയ കളിച്ച് റഫേല്‍ വ്യോമസേനയ്ക്കു ലഭിക്കാനുള്ള അവസരം അനിശ്ചിതമായി നീട്ടുകയും ചെയ്തു. ഇതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയാണ്. 'നിങ്ങള്‍ 30,000 കോടി രൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കി. റഫാല്‍ വൈകുന്നതിന് ഒരേയൊരു കാരണം നിങ്ങളാണ്. നിങ്ങള്‍ കാരണമാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെപ്പോലുള്ള ധീരജവാന്മാര്‍ പഴയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥ വരുന്നത്'. ഇതിനുത്തരം പറയാന്‍ മോദി തയ്യാറാകുന്നില്ല. പകരം മോദിയെ ചോദ്യം ചെയ്യുന്നതിനെയാണ് രാജ്യദ്രോഹം എന്നുവിളിക്കുന്നത്.
ബിജെപിയുടെയും സംഘപരിവാറിന്റെയും യുദ്ധക്കൊതിയും വ്യാജദേശീയവാദവുമാണ് ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്നതെന്നാണ് സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം ഇന്ത്യയും മുസ്ലീങ്ങളും ഇന്ത്യക്കാരും കാശ്മീരികളും തമ്മിലുള്ള സംഘര്‍ഷമാണെന്നു വരുത്താനാണ് ഭരണകക്ഷിയുടെ നീക്കമെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.
എഐസിസി വക്താവ് ആര്‍പിഎന്‍ സിങും ഇക്കാര്യത്തില്‍ മോദിയെ കടന്നാക്രമിക്കുകയായിരുന്നു. 'ആരാണിത് രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രധാനമന്ത്രിയം അമിത് ഷായും നിരന്തരമായി കോണ്‍ഗ്രസ്സിനെ ലക്ഷ്യം വെച്ച് സംസാരിക്കുന്നു. മാര്‍ഷല്‍ ബീരേന്ദര്‍ സിങ് ധന്‍വ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത് മിഗ് 21 ഏറ്റവും ആധുനികമാണെന്നും ആക്രമണങ്ങള്‍ക്ക് ഏറ്റവും സജ്ജമാണെന്നുമാണ്. എന്നാല്‍ മിഗ് വിമാനങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന തരത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്?' ഇത് സൈന്യത്തിന്റെ മനോബലം ഉയര്‍ത്തുന്ന കാര്യമാണോയെന്നും സിങ് ചോദിച്ചു.
പ്രതിപക്ഷം മോദിക്കെതിരെ സംസാരിച്ചാല്‍ ഉടനെ അത് ആര്‍മിക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ബിജെപി നേതാക്കളുടെ രീതി. ഇത് കൂടുതല്‍ രൂക്ഷമായ പ്രതിപക്ഷവിമര്‍ശനത്തിനു കാരണമാകുന്നുണ്ട്. അതേസമയം, ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന്റെ കഥകള്‍ നിറം പിടിപ്പിച്ചും പെരുപ്പിച്ചുകാട്ടിയും ലോകസമക്ഷം അവതരിപ്പിച്ച് നാണം കെടുന്ന സ്ഥിതിയും ഉണ്ട്. ബലാകോട്ടില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് രണ്ടു ദിവസം മുമ്പ് അമിത് ഷാ പറയുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ അതിലെ വസ്തുത ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ അമിത്ഷാ അത് 250 എന്നു തിരുത്തി. ഈ സംഖ്യകള്‍ എവിടെ നിന്നാണ് വരുന്നത് എന്നറിയാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗങ്ങളിലും മറ്റും നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വീമ്പുപറച്ചില്‍ അമിത് ഷാ ഉള്‍പ്പെടെ നടത്തുമ്പോള്‍ ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പ്രതികരിച്ച കാര്യം യച്ചൂരി ഓര്‍മ്മപ്പെടുത്തുന്നു. 'ബാലാകോട്ട് ആക്രമണം 300 ഓളം പേരെ കൊന്നുവെന്ന് അമിത്ഷായും ഇല്ല എന്ന് മോദിയുടെ മന്ത്രിയും പറയുന്നു. എത്രമാത്രം നുണകളാണ് സര്‍ക്കാരും ബിജെപിയും കൂടി പ്രചരിപ്പിച്ചത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തില്‍ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ്' ഇതാണ് സീതാറാം യെച്ചൂരിയുടെ വിമര്‍ശനം.
പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍. ഇത് പാകിസ്ഥാന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാകിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സേനയും കേന്ദ്രമന്ത്രി അലുവാലിയയും പറയുന്നത്.
ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തടസ്സമായാണ് പ്രതിപക്ഷം ബിജെപിയുടെ ഈ ചെയ്തികളെ കാണുന്നത്. സൈന്യത്തിന്റെ ആത്മത്യാഗത്തെപ്പോലും വില കുറഞ്ഞ രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്തുന്ന ബിജെപി അതില്‍ നിന്നു പിന്തിരിഞ്ഞില്ലെങ്കില്‍ നാടിന് വലിയ നാണക്കേടാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
"
https://www.facebook.com/Malayalivartha





















