ബാലാക്കോട്ടെ വ്യോമാക്രമണത്തെ പറ്റി വിവാദം മുറുകുന്നു... കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കിനെ ചൊല്ലി ബിജെപിയില്‍ തന്നെ കലാപക്കൊടി ഉയരുന്നു

ഒരുവശത്ത് ജീവന്‍ പണയപ്പെടുത്തി രാജ്യത്തെ ശത്രുവിന്റെ ആക്രമമത്തില്‍നിന്നു രക്ഷിക്കുന്ന സൈന്യം. മറുവശത്ത് സൈന്യത്തിന്റെ ഈ നീക്കങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥകളാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ . ഇതാണിപ്പോള്‍ രാജ്യത്തിന്റ അവസ്ഥ. ഇല്ലാവചനങ്ങള്‍ പ്രചരിപ്പിച്ച് ലോകമൂഹത്തിനു മുന്നില്‍ത്തന്നെ നാണക്കേടുണ്ടാക്കിയതിന്റെ പേരില്‍ പ്രതിപക്ഷ നേരിടുന്നവരില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായും പെടും.
ഭീകരാക്രണത്തോടു പ്രതികരിച്ചുകൊണ്ട് ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെയാണ് സ്ഥാപിതതാല്‍പര്യത്തിനായി കേന്ദ്ര സര്‍ക്കാരും ബിജെപിയും ഉപയോഗിക്കുന്നതെന്ന് എ കെ ആന്റണി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍. ബാലാക്കോട്ടില്‍ ഭീകരര്‍ വന്‍തോതില്‍ കൊല്ലപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ്. ആകെ 350 പേര്‍ കൊല്ലപ്പെട്ടതില്‍ 325 പേര്‍ ഫിദായിനുകളും 25 പേര്‍ സൈനികരുമാണെന്നായിരുന്നു ഇതിനെത്തുടര്‍ന്നുവന്ന റിപ്പോര്‍ട്ടുകള്‍. മോദി അനുകൂല മാധ്യമങ്ങള്‍ ഇതിന് ഏറെ പ്രാധാന്യം നല്‍കി. എന്നാല്‍ തുടക്കം മുതല്‍തന്നെ ഇന്ത്യന്‍ സേന ഇത്തരം നീക്കങ്ങളെ എതിര്‍ത്തിരുന്നു. തങ്ങളുടെ ലക്ഷ്യം നിറവേറ്റി; എന്നാല്‍, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നെല്ലാം പറയാന്‍ തങ്ങള്‍ക്കാകില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ രവി കപൂറിനു പറയേണ്ടിവന്നത് ഈ സന്ദര്‍ഭത്തിലാണ്.
ബാലാക്കോട്ട് ആക്രമണത്തില്‍ മുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യഘട്ടത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടത്. മാത്രമല്ല, അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ആധികാരികമെന്നു തോന്നുന്ന ചില വിശദീകരണങ്ങളും അദ്ദേഹം നല്‍കി. എന്നാല്‍, രാജ്യാന്തരതലത്തില്‍ ഈ അവകാശവാദങ്ങള്‍ മോശമായ പ്രതികരണം ഉണ്ടാക്കിയതോടെ അമിത്ഷാ മുന്നൂറു പേര്‍കൊല്ലപ്പെട്ടു എന്നത് ഇരുന്നൂറ്റമ്പതു പേരാക്കി ചുരുക്കി. ഇത്തരം രാഷ്ട്രീയക്കളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തെളിവ് പുറത്തുവിടണമെന്ന സ്ഥിതി വന്നു. അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്ക് വസ്തുതയുമായി ബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞു. വസ്തുവിരുദ്ധമായാണ് അമിത്ഷാ സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാര്‍ തന്നെ അമിത്ഷായെ തള്ളിപ്പറയേണ്ടിവരും എന്നാണിപ്പോള്‍ പ്രതിപക്ഷം പറയുന്നത്.
മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാധ്യമങ്ങളോടു സംസരിച്ചത്. അമിത്ഷാ പറഞ്ഞത് കൃത്യമായ കണക്കല്ലെന്നും അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചത് എന്നുമായിരുന്നു വി.കെ സിങിന്റെ പ്രതികരണം. വ്യോമാക്രമണം നടന്നപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മരണസംഖ്യ എന്നുപറഞ്ഞ് വി.കെ.സിങ്ങ് മാധ്യമപ്രവര്‍ത്തകരില്‍നിന്നു രക്ഷപെട്ടു.
എന്നാല്‍, ബാലാക്കോട്ട് എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന ചോദ്യത്തിന് മരിച്ചവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്നായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതൊക്കെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വിടുവായ മാത്രമാണെന്ന് പറയാതെ പറയുകയായിരുന്നു രാജ്യത്തിന്റെ വ്യോമസേനാ മേധാവി. ഇന്ത്യന്‍സൈന്യം നടത്തിയ ധീരമായ പോരാട്ടങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും പകര്‍ന്ന പ്രതിപക്ഷ കക്ഷികള്‍ പക്ഷേ, ബിജെപിയുടെ മുതലെടുപ്പ് അവകാശവാദങ്ങളെ വിമര്‍ശനത്തോടെയാണ് സമീപിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് മുന്നൂറു പേര്‍ കൊല്ലപ്പെട്ടന്ന് അമിത് ഷാ പറയുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. ബിജെപി നേതാക്കള്‍ ഇത്തരം കണക്കുകള്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഉയര്‍ത്തുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. പല മാധ്യമങ്ങളും ഈ കണക്കുകളുടെ ആധികാരികത ശരിയല്ല എന്നു വ്യക്തമാക്കി.
ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും ഒടുവില്‍ ഈ ചോദ്യം ആവര്‍ത്തിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ശിവസേന അവരുടെ ഔദ്യോഗിക മാധ്യമമായ സാമ്‌നയിലെഴുതിയ ലേഖനത്തിലൂടെ ഉന്നയിച്ചത്. ഇങ്ങനെ ചോദിച്ചാല്‍ അത് സൈനികരുടെ മനോവീര്യം തകരുമെന്ന ബിജെപിയുടെ മനോവീര്യത്തെയും ശിവസേന ആ ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്. മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചോദിക്കുന്നുണ്ടെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
എന്തായാലും, രാജ്യാന്തരതലത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇന്ത്യാക്കാര്‍ വിഷമിക്കുന്ന അവസ്ഥയുണ്ട്. ഇതൊക്കെ ബിജെപിയ്ക്കല്ല, രാജ്യത്തിനാണ് നാണക്കേട് വരുത്തിയത്. ഈ സാഹചര്യത്തിലാണ് അമിത്ഷായെപ്പോലുള്ള ബിജെപി നേതാക്കള്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന അവസ്ഥ വന്നിരിക്കുന്നത്. നുണബോംബുകള്‍ കയ്യിലിരുന്നു പൊട്ടിയ അവസ്ഥയില്‍ നിന്ന് മാറണമെങ്കില്‍ രാജ്യത്തിന് മുന്‍പാകെ തെളിവുകള്‍ വയ്‌ക്കേണ്ടി വരും.
വിലക്കയറ്റം, തൊഴിലില്ലായ്മ, റാഫേല്‍ എന്നിവ അടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വിഷയങ്ങളുടെ മേല്‍ രാജ്യസ്‌നേഹം എന്ന ഒറ്റ 'ബോംബ്' ഇട്ട് തകര്‍ക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് മുഖ്യ ആരോപണം. അതില്‍ പ്രതിപക്ഷമാണോ, ബിജെപിയാണോ അതോ ഇന്ത്യന്‍ ജനത മുഴുവനാണോ ഇല്ലാതാകുന്നതെന്ന വസ്തുത വരും ദിനങ്ങളില്‍ അറിയാം. ഒരുപക്ഷെ ആക്രമണ തെളിവുകള്‍ ഒരിലക്ഷന്‍ ബോംബായി ഇടാനാണോ മോദിയുടെ ശ്രമമെന്നും ആശങ്കയുണ്ട് പ്രതിപക്ഷത്തിന്.
https://www.facebook.com/Malayalivartha





















