ആ 300 മൊബൈലുകൾ മരങ്ങളാണോ ഉപയോഗിച്ചിരുന്നത്; ബാലാകോട്ട് പ്രത്യാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന അനൗദ്യോഗിക പ്രചാരണത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്

ബാലാകോട്ട് പ്രത്യാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന അനൗദ്യോഗിക പ്രചാരണത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്. വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങൾ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ജയ്ഷെ ക്യാംപിൽ 300 മൊബൈൽ ഫോണുകളുടെ സിഗ്‍നലുകൾ കിട്ടിയിരുന്നെന്ന് രാജ്‍നാഥ് സിംഗ് പറയുന്നു.
ദേശീയ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ നൽകിയ കണക്കാണിതെന്നും ഇത് പ്രതിപക്ഷം വിശ്വസിക്കാത്തതെന്തെന്നും രാജ്‍നാഥ് സിംഗ് ചോദിക്കുന്നു. ''ആ മുന്നൂറ് മൊബൈൽ ഫോണുകൾ ഉപയോഗിച്ചത് പിന്നെ മരങ്ങളാണോ?'', രാജ്‍നാഥ് സിംഗ് പരിഹസിക്കുന്നു.
അസമിലെ ധുബ്‍രിയിൽ ബിഎസ്എഫിന്‍റെ ഒരു നിരീക്ഷണസംവിധാനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു രാജ്‍നാഥ് സിംഗിന്‍റെ പരാമർശം. കേന്ദ്രസർക്കാരിന്‍റെ ഇന്‍റലിജൻസ് നിരീക്ഷണ ഏജൻസിയാണ് ദേശീയ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ. പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.
ബാലാകോട്ട് വ്യോമാക്രമണത്തിൽ മരിച്ചവരുടെ കണക്ക് കേന്ദ്രസർക്കാരിന്‍റെ കയ്യിലില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞതിന് പിറ്റേന്നാണ് രാജ്‍നാഥ് സിംഗിന്‍റെ ഈ പരാമർശം.
വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാടെന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്കത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുൻ കരുതലെന്ന നിലയിൽ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.
നേരത്തേ അഹമ്മദാബാദിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ ബാലാകോട്ടിൽ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു.
അന്ന് തന്നെ വ്യോമസേനാ മേധാവി ബി എസ് ധനോവ നടത്തിയ വാർത്താ സമ്മേളനത്തിലാകട്ടെ, എത്ര പേർ മരിച്ചെന്ന കണക്കെടുക്കുന്നത് കേന്ദ്രസർക്കാരാണ്, വ്യോമസേനയല്ല എന്നാണ് വിശദീകരിച്ചത്. 'എത്ര പേർ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.' ബി എസ് ധനോവ പറഞ്ഞിരുന്നു.
എന്നാൽ അമിത് ഷായെ ന്യായീകരിച്ച് കേന്ദ്ര പ്രതിരോധസഹമന്ത്രി വി കെ സിംഗ് രംഗത്തെത്തിയിരുന്നു. ഏകദേശകണക്കാണ് ഷാ പറഞ്ഞതെന്നും ഭീകരാക്രമണത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് കിട്ടില്ലെന്നുമായിരുന്നു വി കെ സിംഗിന്‍റെ ന്യായീകരണം.
ആക്രമണം നടത്തിയ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങളിലുണ്ടായിരുന്ന ഭീകരരുടെ എണ്ണം വെച്ചാണ് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഏകദേശ കണക്കെടുത്തത്. സ്ഥിരീകരിച്ച കണക്കല്ല അദ്ദേഹം പറഞ്ഞത്. അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പറഞ്ഞതെന്നും വി കെ സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha





















