വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു; സാങ്കേതിക തകരാറിന് കാരണം പക്ഷിയിടിച്ചതെന്ന് പ്രാഥമിക വിലയിരുത്തല്‍

രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം പക്ഷിയിടിച്ച് തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയര്‍ന്നയുടന്‍ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
ബിക്കാനീറിലെ ശോഭാ സര്‍ കി ധാനി ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് പാരച്യൂട്ടില്‍ പൈലറ്റ് പുറത്തേക്ക് (ഇജക്ട്) ചാടി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറിന് കാരണം പക്ഷിയിടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു.
റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്കു വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.
കഴിഞ്ഞ മാസം ഇന്ത്യ ബാലാക്കോട്ടിലെ ഭീകരക്യാംപിൽ നടത്തിയ ആക്രമണത്തിനു തൊട്ടടുത്ത ദിവസം പാക്കിസ്ഥാൻ യുദ്ധവിമാനമായ എഫ് 16, മിഗ് 21 ഉപയോഗിച്ച് ഇന്ത്യ തകർത്തിരുന്നു. വിമാനം പറത്തിയിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ പിടികൂടുകയും രണ്ടു ദിവസത്തിനകം വിട്ടയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















