സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയിട്ടില്ല - പ്രതിരോധ മന്ത്രാലയം

കശ്‌മീരിൽ നിന്ന് അവധിക്കെത്തിയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നത് വ്യാജ വാർത്തയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. സൈനികനായ മുഹമ്മദ് യാസീൻ ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത് വ്യാജ വർത്തയാണെന്നും സൈനികൻ സുരക്ഷിതമാണെന്നും പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്നലെ രാത്രി ഒൻപത് മണിയോടെ സൈനികനെ വീട്ടിലെത്തി ഭീകരർ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ട്. സൈനികനായുളള തിരച്ചിൽ തുടരുകയാണ്,എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു എന്നും സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയെന്നുമായിരുന്നു വാർത്ത.
ഇതിനു മുൻപും അവധിയിൽ പോയ സൈനികരെ ഭീകരർ ഉന്നം വച്ചിട്ടുണ്ട്. 2018 ജൂണിൽ പുൽവാമയിൽ അവധിക്ക് വീട്ടിലെത്തിയ രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ ഔറംഗസീബിനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. 2017 സെപ്റ്റംബറിൽ ബന്ദിപോരിലെ ഹാജിനിൽ ബിഎസ്എഫ് കോൺസ്റ്റബിൾ മുഹമ്മദ് റംസാൻ പാരിയെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
രണ്ടു മാസത്തിനുശേഷം നവംബറിൽ ഷോപ്പിയാനിലെ സസാനിൽനിന്നും സൈനികൻ ഇർഫാൻ അഹമ്മദ് ദറിനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കുശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി
ഈ സാഹചര്യത്തിൽ മുഹമ്മദ് യാസീൻ ഭട്ടിനെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു . എന്നാൽ ഇത് വ്യാജവാർത്തയാണെന്നു പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു
https://www.facebook.com/Malayalivartha





















