ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ നമസ്‌കാരത്തിന് പള്ളിയിലെത്തിക്കുന്നു; മതസൗഹാർദ്ദം ചിത്രീകരിച്ച സർഫ് എക്സൽ കമ്പനിക്കെതിരെ സംഘപരിവാർ സൈബർ ആക്രമണം

പരസ്യത്തിൽ മതസൗഹാർദ്ദം ചിത്രീകരിച്ച സർഫ് എക്സൽ കമ്പനിക്കെതിരെ സംഘപരിവാർ സൈബർ ആക്രമണം. കമ്പനിക്കെതിരെ #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് ട്വിറ്റിലും മറ്റും സൈബര്‍ ആക്രമണം നടക്കുന്നത്. സർഫ് എക്സൽ ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം. സർഫ് എക്സൽ പുറത്തിറക്കുന്ന കമ്പനിയായ ഹിന്ദുസ്ഥാൻ ലിവറിനെ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം. ബക്കറ്റ് നിറയെ ചായവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ക്കു മുൻപിൽ ഹിന്ദു പെണ്‍കുട്ടി പോയി നില്‍ക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ചായം മുഴുവനും തനിക്കുമേല്‍ എറിഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം അവള്‍ മുസ്‌ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു.
പെണ്‍കുട്ടിയ്ക്കുമേല്‍ ചായം എറിഞ്ഞവരില്‍ ഒരു കുട്ടിയുടെ കയ്യില്‍ അല്പം ചായം ബാക്കിയുണ്ടായിരുന്നു. മുസ്‌ലിം സുഹൃത്തുമായി പെണ്‍കുട്ടി പോകവേ ആ കുട്ടി ബാക്കിയുള്ള ചായം എറിയാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ അവളെ തടയുന്നു. പള്ളിയ്ക്കു മുൻപിൽ സുഹൃത്തിനെ ഇറക്കിവിടുമ്പോൾ 'ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം' എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. 'നമുക്ക് ചായത്തില്‍ കളിക്കാലോ'യെന്ന് പെണ്‍കുട്ടി മറുപടി പറയുകയും ചെയ്യുന്നു.
‘ഹിന്ദു ഉണരൂ’, ‘ഇന്ത്യ ഉണരൂ’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്. മൊഹറത്തിനും ഇത്തരം പരസ്യമുണ്ടാക്കണമെന്നും മാടുകളുടെ ചോര ദേഹത്തു പറ്റാതെ മുസ്ലിം പയ്യൻ ഹിന്ദു പെൺകുട്ടിയെ അമ്പലത്തിലെത്തിക്കണമെന്നും സംഘപരിവാർ പ്രൊഫൈലുകൾ പറയുന്നു. ചിലർ ഈ പരസ്യത്തിൽ ലവ് ജിഹാദാണ് കാണുന്നത്. ഹിന്ദു പെൺകുട്ടിയെ മുസ്ലിം പയ്യൻ വിവാഹം ചെയ്യുമെന്നും അവളെ മതംമാറ്റുമെന്നുമാണ് സംഘപരിവാറുകാരുടെ ആശങ്ക. ഹോളിയെക്കാൾ പ്രധാനമാണ് നിസ്കാരമെന്ന സന്ദേശമാണ് പരസ്യം നൽകുന്നതെന്ന് വേറെ ചിലർ പറയുന്നു.
https://www.facebook.com/Malayalivartha





















