സമുദ്രാതിര്‍ത്തിയില്‍ കനത്ത സുരക്ഷ, ഗുജുറാത്തില്‍ 173 മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രാലയം സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി
ഗുജറാത്ത് തീരത്ത് 173 മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പുറപ്പെട്ട, സ്‌ഫോടകവസ്തുക്കളടങ്ങിയ ബോട്ട് ഗുജറാത്ത് തീരക്കടലില്‍ ഇന്ത്യന്‍ സേന തടയുകയും തുടര്‍ന്നു സ്‌ഫോടനത്തില്‍ ബോട്ട് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണു സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
തീരപ്രദേശത്തെ 20 മറൈന്‍ പൊലീസ് സ്‌റ്റേഷനുകളിലായാണ് 173 കമാന്‍ഡോകളെ വിന്യസിച്ചിരിക്കുന്നത്. കടലിലേക്കു പോകുന്നതും തിരിച്ചുവരുന്നതുമായ എല്ലാ ബോട്ടുകളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളെ കൂടാതെ തീരത്തോടു ചേര്‍ന്നുള്ള കടലില്‍ പരിശോധന നടത്തുന്നതിന് ബോട്ടുകളും നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ കോസ്റ്റ് ഗാര്‍ഡിനെയും ഗുജറാത്ത് പൊലീസിനെയും വിവരം അറിയിക്കണമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടല്‍മാര്‍ഗമുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഗുജറാത്ത് തീരത്തു പ്രത്യേകിച്ചും രാജ്യമൊന്നടങ്കമുള്ള തീരമേഖലയില്‍ പൊതുവായും ജാഗ്രത തുടരുന്നുണ്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനാല്‍ കശ്മീരിലും അതീവജാഗ്രതയുണ്ട്. ഡല്‍ഹി - കാബൂള്‍ എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ റാഞ്ചാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നു വ്യോമയാന സുരക്ഷ ശക്തമാക്കി. കരയിലും കടലിലും അതിര്‍ത്തിസുരക്ഷ വര്‍ധിപ്പിച്ചതിനൊപ്പമാണ് വ്യോമയാനരംഗത്തും ജാഗ്രതാ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























