ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിലവില്‍ വരാന്‍ വൈകുമെന്ന് സൂചന

20 വര്‍ഷമായി ജഡ്ജി നിയമനം നടത്തിയിരുന്ന; ജഡ്ജിമാര്‍ മാത്രമുള്ള കൊളീജിയം സമ്പ്രദായം ഇല്ലാതാക്കാനായി കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമത്തിന്റെ വിജ്ഞാപനം ഉടനുണ്ടാകില്ലെന്നു സൂചന.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കാനായി പ്രത്യേക കമ്മിഷന്‍ രൂപീകരിക്കാന്‍ അംഗീകാരം നല്‍കുന്ന ബില്ലിനു രാഷ്ട്രപതി കഴിഞ്ഞാഴ്ചയാണ് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റ് ഓഗസ്റ്റില്‍ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ മുന്നില്‍ വന്നത് നിയമസഭകളുടെ അംഗീകാരത്തിനു ശേഷമാണ്.
ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ രൂപീകരിക്കാന്‍ നിയമം കൊണ്ടുവന്നത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ജഡ്ജിമാര്‍ മാത്രമുള്ള കൊളിജിയത്തിനു പകരമുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത ഇല്ലാതാക്കുമെന്നു പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അടക്കമുള്ളവരുടെ പരസ്യമായ എതിര്‍പ്പിനെ മറികടന്നാണു യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കമ്മിഷനില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി, രണ്ടു വിശിഷ്ട വ്യക്തികള്‍ എന്നിവരാണ് അംഗങ്ങള്‍. നിയമമന്ത്രാലയ സെക്രട്ടറിയാണ് കണ്‍വീനര്‍.
എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷനില്‍ ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള രണ്ടു വിശിഷ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയായശേഷമേ കമ്മിഷന്‍ നിലവില്‍ വരൂയെന്നാണു വിവരം. കമ്മിഷനിലെ രണ്ടു വിശിഷ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അഥവാ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്.
ഇതിലൊരാള്‍ പട്ടികജാതിവര്‍ഗ, മറ്റു പിന്നാക്ക, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങളില്‍ നിന്നായിരിക്കും. മൂന്നു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്ന ഇവരെ വീണ്ടും നിയമിക്കാന്‍ കഴിയില്ല. അതേസമയം, വിശിഷ്ട വ്യക്തികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ടെന്നാണു ലഭ്യമായ വിവരം. എന്നാല്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് എവിടെ നിന്നായിരിക്കും എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും സൂചനയുണ്ട്.
കമ്മിഷന്‍ നിലവില്‍ വരുന്നതോടെ 20 വര്‍ഷമായി ജഡ്ജി നിയമനം നടത്തിയിരുന്ന കൊളീജിയം സമ്പ്രദായം ഇല്ലാതാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























