പൊതു സ്ഥലങ്ങളിലെ ആര്‍.എസ്.ശാഖകള്‍ അടച്ചുപൂട്ടും ; മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്

മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. പൊതു സ്ഥലങ്ങളിലെ ആര്‍.എസ്.ശാഖകള്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 130 സീറ്റുകള്‍ നേടുമെന്നും, മധ്യപ്രദേശില്‍ 29ല്‍ 22 സീറ്റുകള്‍ നേടുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു. നിലവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ മാത്രമാണുള്ളത്. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് നിന്ന് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു.
ബി.ജെ.പിക്ക് നിലവില്‍ 22 സീറ്റുകളാണുള്ളത്. ശക്തമായ ഭരണവിരുദ്ധ വികാരവും, കാര്‍ഷിക മേഖലിയെ പ്രതിസന്ധിയും ബി.ജെ.പിയെ താഴെയിറക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.
ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു. ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയത്.
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് രാജ്യത്ത് നിരോധിക്കുന്നതായി 26 മെയ് 2017 നാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യമൃഗമായിട്ടാണ് കന്നുകാലികളെ പരിഗണിച്ചുപോരുന്നത്. അതെസമയം ഹിന്ദു സംസ്കാരപ്രകാരമുള്ള ഭക്ഷണത്തിൽ കന്നുകാലികളുടെ പാലുൽപാദന വസ്തുക്കൾക്ക് ഏറെ പ്രാധാന്യവുമുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലെ 48-ആം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂനതശാസ്ത്രാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പശുവിനെയോ, പശുകുട്ടിയെയോ, കറവ-കൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുണ്ട്. 2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. കന്നുകാലികളുടെ വിൽപ്പനയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നുവരുന്നു. ഇറച്ചികഴിക്കുന്നതിന്റെ പേരിൽ ഇന്ത്യയിൽ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്. ഉത്തർ പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് ഇഹ് ലാഖ് എന്നയാൾ പശു ഇറച്ചി കഴിച്ചു എന്ന ആരോപണത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടത് വൻ വിവാദമാവുകയും വലിയ മാധ്യമശ്രദ്ധ നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha