8000 പട്ടാളക്കാർ കൂടി കശ്മീരിലേക്ക് ഞെട്ടിക്കുന്ന റിപ്പോർട്ട്
കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സൈനികരെ കശ്മീരിലേക്ക് അയച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ സൈനികരെ അയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ശേഷം 8000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ അയച്ചിരിക്കുന്നത്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സൈനികരെ ശ്രീനഗറില്‍ എത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞാഴ്ച രണ്ടുതവണയായി 35000 സൈനികരെ കശ്മീരില്‍ അധികമായി വിന്യസിച്ചിരുന്നു. ലക്ഷക്കണക്കിന് സൈനികര്‍ നേരത്തെ കശ്മീരിലുണ്ട്. എന്തിനാണ് ഇത്രയും സൈനികരെ വിന്യസിക്കുന്നതെന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കശ്മീരിലെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ശേഷം ഇന്ന് പാര്‍ലമെന്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുകയും ചെയ്തു.
വിഭജനകാലത്ത് കശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നത് തിരിച്ചടിയായെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടുത്ത ദിനമാണ് ഇന്ന്. 1947ല്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ എതിര്‍ക്കുകയായിരുന്നു കശ്മീര്‍ നേതൃത്വം. ഇന്ത്യക്കൊപ്പം നിന്നത് തിരിച്ചടിയായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതോടെ ഇന്ത്യ കശ്മീരിലെ കൈയ്യേറ്റ ശക്തിയാകുകയാണെന്നും മെഹ്ബൂബ പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.
അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. വിഭജനത്തിന് പറയുന്ന ചില കാരണങ്ങള്‍ ഇങ്ങനെയാണ്. കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് വലിയ ഭൂപ്രദേശമാണ്. ഈ മേഖല പ്രത്യേക പ്രദേശമാക്കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണെന്നും അതാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അമിത് ഷാ വിശദീകരിച്ചു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്ബതാകും.
https://www.facebook.com/Malayalivartha






















