എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്... ഇരു സഭകളിലും ജമ്മുകാശ്മീര്‍ ബില്‍ പാസാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത നീക്കമെന്ത്? ആകാംക്ഷയോടെ ലോക രാഷ്ട്രങ്ങള്‍; ബുധനാഴ്ച മോദി രാഷ്ട്രങ്ങളോട് അഭിസംബോധന ചെയ്യുമ്പോള്‍...

ജമ്മുകശ്മീര്‍ വിഭജനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നുള്ള വാര്‍ത്തകളാണ് വരുന്നത്. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കും. ചൊവ്വാഴ്ചതന്നെ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രതീരുമാനം. നിലവില്‍ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
മോദിയുടെ ഈ അഭിസംബോധനയെ ഓരോ ഭാരതീയനൊപ്പവും ലോകരാഷ്ട്രങ്ങങ്ങളും ആകാംക്ഷയോടെയാണ് കാണുന്നത്. ഒരു സുപ്രധാന തീരുമാനവുമില്ലാതെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യാറില്ല. പണ്ട് ഇതുപോലെ മേരാ പ്യാര ദേശവാസിയോം വിളിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. രണ്ടായിരം രൂപ നോട്ടുമാറാന്‍ പെടുന്ന പാട് ഇപ്പോഴും കണ്‍മുമ്പിലുണ്ട്. അങ്ങനെ ഇന്ത്യക്കാരോടൊപ്പം ലോക നേതാക്കളും മോദിയുടെ അഭിസംബോധന വളരെ സീരിയസായാണ് കാണുന്നത്. കാരണം തൊട്ടാല്‍ പൊള്ളുന്ന കാശ്മീരാണ്. പാകിസ്ഥാന്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അത് മേഖലയിലെ വലിയ യുദ്ധത്തിന് കാരണമാകും. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പലവട്ടം തെളിയിച്ചതാണ്.
കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ കൈവശംവെച്ച ഫയലിലെ ഉള്ളടക്കം മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിലാണ് ബുധനാഴ്ച പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിവരം ചോര്‍ന്നതിനാല്‍ തീരുമാനം മാറ്റുമോയെന്ന് അറിവില്ല.
അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി അവിടം സന്ദര്‍ശിക്കാനാണ് മറ്റൊരു തീരുമാനം.
അതേസമയം ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.
വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
അതേസമയം മേഖലയിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ട്വിജ്വാരക്ക് പറഞ്ഞു.ഇന്ത്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട കര്യങ്ങളല്ല. പകരം നിയന്ത്രണരേഖയിലെ സൈനിക നടപടി വര്‍ധിപ്പിച്ചതിലെ ആശങ്കയാണ് യുഎന്‍ പങ്കുവെച്ചത്.
അതേസമയം യുദ്ധത്തില്‍ തകര്‍ന്ന മറ്റൊരു കൊസോവോ ആവാന്‍ ജമ്മുകശ്മീരിനെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വിവാദമായ നിബന്ധനകളാണു കശ്മീരിലെ ദാരിദ്ര്യത്തിനും വികസനമില്ലായ്മയ്ക്കും കാരണമായത്. അതിനാലത് റദ്ദാക്കിയാല്‍ കശ്മീരില്‍ ഒന്നും സംഭവിക്കില്ല. ഭൂമിയിലെ സ്വര്‍ഗം ആയിത്തന്നെ കശ്മീര്‍ തുടരും. സംസ്ഥാനം സാധാരണനില കൈവരിച്ചാല്‍ ഉചിതമായ സമയത്തു പൂര്‍ണ സംസ്ഥാനപദവി നല്‍കുമെന്നും ഷാ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയ്ക്കാണ് മോദിയുടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യല്‍.
"
https://www.facebook.com/Malayalivartha






















