ആട്ടിയോടിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം; കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ വിഭാവനം ചെയ്യുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ആഹ്ലാദം പങ്കിട്ട് ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ വിഭാവനം ചെയ്യുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ആഹ്ലാദം പങ്കിട്ട് ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പോവുകയാണെന്ന് കശ്മീരി പണ്ഡിറ്റ് സമൂഹം പറയുന്നു.
കാശ്മീര്‍ ഭാരതാംബയുടെ ശിരസ്സിലെ പൊന്‍കിരീടമാണ്. മഹര്‍ഷി കശ്യപന്‍ തപസ്സു ചെയ്തതുകൊണ്ട് കാശ്മീരം എന്ന് പേര് ലഭിച്ച സ്ഥലം. 88 കളില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ വിഘടനവാദികളും ഭീകരരും അവിടെ ശക്തി പ്രാപിക്കുംവരെ കാശ്മീര്‍ ശാന്തമായിരുന്നു. സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി. നാനാജാതി മതസ്ഥരും സര്‍വ്വധര്‍മ്മ സമഭാവനയോടെ സ്വന്തം ആചാരവിശ്വാസങ്ങള്‍ക്കനുസരിച്ച് കഴിയുന്ന ഭാരതത്തില്‍ മതം ഏതെങ്കിലും ഒരു സംസ്ഥാനത്തെ ജീവിക്കാനുളള അവകാശവുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. പാക് അധീന കാശ്മീരില്‍നിന്ന് എത്തിയ ഭീകരരോടൊപ്പം കാശ്മീരിലെ മുസ്ലീം ഭീകരര്‍ നടത്തിയ ആക്രമണങ്ങളിലാണ് സഹസ്രാബ്ദങ്ങളായി അവിടെ താമസിച്ചിരുന്ന കാശ്മീരി പണ്ഡിറ്റുകള്‍ അവിടം വിട്ടൊഴിയേണ്ടിവന്നത്. ജമ്മുവിലും ഡല്‍ഹിയിലുമായി ഏതാണ്ട് എട്ടു ലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകളാണ് അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഉളളത്. 20 മുറികള്‍വരെ ഉണ്ടായിരുന്ന വലിയ വീടുകളില്‍ താമസിച്ചിരുന്ന, ഏക്കര്‍കണക്കിന് ആപ്പിളും വാല്‍നട്ടും തോട്ടങ്ങളുണ്ടായിരുന്ന പണ്ഡിറ്റുകള്‍ ഇപ്പോള്‍ ഒരുമുറിയും അടുക്കളയുമുളള ക്യാമ്പുകളിലാണ് താമസിക്കുന്നത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പണ്ഡിറ്റുകളുടെ കാശ്മീരിലെ പുനഃരധിവാസം.
ആട്ടിയോടിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനമുയര്‍ത്തിയ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ദല്‍ഹിയിലെ കശ്മീര്‍ സമിതി അധ്യക്ഷന്‍ സുമീര്‍ ച്രുങ്കോ പറഞ്ഞു. ചരിത്രപരമായ ദിവസമാണ് കടന്നു പോകുന്നത്. ദീപാവലി ആഘോഷിക്കുന്നതിനേക്കാള്‍ മനോഹരമായി ഇതാഘോഷിക്കും, സുമീര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 മൂലമാണ് പണ്ഡിറ്റുകള്‍ക്ക് താഴ്‌വര വിട്ടോടേണ്ടിവന്നതെന്ന് കശ്മീര്‍ സമിതി ജനറല്‍ സെക്രട്ടറി വിജയ് റൈന പറഞ്ഞു. ഇന്നലത്തെ രാവ് കാശ്മീരി പണ്ഡിറ്റുകളുടെ ആഘോഷത്തിമിർപ്പായിരുന്നു.
കശ്മീരില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ട പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച ദല്‍ഹിയിലെ കോളനികളില്‍ വലിയ ആഘോഷമാണ് ഇന്നലെ നടന്നത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും നൃത്തം ചെയ്തും കശ്മീരികള്‍ ആഹ്ലാദം പങ്കുവെച്ചു. മൂന്നുലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളെയാണ് 1989-ല്‍ ആരംഭിച്ച ഭീകരാക്രമണങ്ങളോടെ താഴ്‌വര വിട്ട് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ അഭയം പ്രാപിച്ചത്. ഏകദേശം ഏഴര ലക്ഷത്തോളം പണ്ഡിറ്റുകളാണ് രാജ്യത്തുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് തുടക്കമായെന്ന് താഴ്‌വരയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റ് കൂടിയായ നടന്‍ അനുപം ഖേര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നു, അനുപം ഖേര്‍ പറഞ്ഞു. ഇനി പ്രതീക്ഷയുടെ നാളുകളാണ്.
https://www.facebook.com/Malayalivartha






















