അടുത്ത ലക്‌ഷ്യം പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കൽ; അനധികൃതമായി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നല്‍കാന്‍ ട്രംപിന് പാകിസ്ഥാനോട് പറയാം; അതല്ലാതെ കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ ഒരു മദ്ധ്യസ്ഥയും ആവശ്യമില്ല

ബിജെപി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്തെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്അധീന കശ്മീര്‍ തിരിച്ചു പിടിക്കലാണ് ബിജെപി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതിന് പിന്നാലെയാണ് രാജ്യസഭയില്‍ നോമിനേറ്റഡ് അംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുമ്പോഴായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. അനധികൃതമായി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നല്‍കാന്‍ ട്രംപിന് പാകിസ്ഥാനോട് പറയാമെന്നും അതല്ലാതെ കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു മദ്ധ്യസ്ഥയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുക എന്ന അജണ്ട മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തും. നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ഒന്നിച്ച് നിന്ന് പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കാനായി ബില്‍ പാസാക്കിയിരുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ജമ്മു കശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേര്‍തിരിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ജമ്മു കശ്മീരില്‍ വികസനം തടഞ്ഞതെന്നും, അഴിമതി വളര്‍ത്തിയതെന്നും അമിത് ഷാ രാജ്യസഭയില്‍ ഇന്നലെ പറഞ്ഞിരുന്നു. യൂറോപ്പിലെ സെര്‍ബിയയെയും കൊസോവേയെയും പോലെ ആഭ്യന്തര യുദ്ധത്തിലേക്ക് കശ്മീരിനെ മാറ്റില്ലെന്നും, അത്തരമൊരു നടപടിയില്ലാതിരിക്കാനുള്ള ഇച്ഛാശക്തി എന്‍ഡിഎ സര്‍ക്കാരിനുണ്ടെന്നും അമിത് ഷായുടെ അവകാശവാദം. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.
കശ്മീരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സൈന്യത്തെ വിന്യസിച്ചപ്പോൾ കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്താര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. കശ്മീരില്‍ സൈന്യത്തെ വിന്യസിച്ചും പ്രധാന നേതാക്കളെ തടവിലാക്കിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് വേണ്ടിയുളള അന്തരീക്ഷം ഒരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായുളള ബിജെപിയുടെ സ്വപ്‌നമാണ് നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കശ്മീരിനൊപ്പം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കലും ബിജെപിയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങളാണ്.
മുത്തലാഖ് നിരോധന ബില്ലിനു പിന്നാലെ കശ്മീര്‍ വിഭജന ബില്ലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പരുക്കു കൂടാതെ പാസാക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഒട്ടും എളുപ്പമല്ലാത്ത, ഏറെ കടമ്പ കടക്കേണ്ടിവരുന്ന ഏകീകൃത സിവില്‍ കോഡും അസാധ്യമല്ലെന്ന പ്രതീതിയാണ് ഉയരുന്നത്.
രണ്ടാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും വന്‍ ഭൂരിപക്ഷം ലോക്‌സഭയില്‍ നേടുകയും ചെയ്തതോടെയാണ് ബിജെപി ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കാനുളള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി യുഎപിഎ ബില്‍ അടക്കമുളള സുപ്രധാന ബില്ലുകള്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസ്സാക്കാന്‍ സാധിച്ചു എന്നത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള നീക്കം ബിജെപി നടപ്പിലാക്കിയത് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ്. ഇനി ഏകീകൃത സിവില്‍ കോഡും രാമക്ഷേത്രവും ആണ് ബിജെപിക്ക് മുന്നിലുളള ലക്ഷ്യങ്ങൾ.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി ഏറ്റെടുത്ത വിഷയവും ഏകീകൃത സിവില്‍ കോഡ് തന്നെയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ 2016-ല്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഏകീകൃത സിവില്‍ കോഡ് രാഷ്ട്രീയായുധമാക്കാനായിരുന്നു ബിജെപി നീക്കം. ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയെ മാനിക്കാത്തവരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ലിംഗസമത്വവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതും ഭരണഘടനാ സാധുത ഉള്ളതും ആവണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതും ഈ നിലപാട് തന്നെയായിരുന്നു.
https://www.facebook.com/Malayalivartha






















