ഡല്‍ഹി ഭരിച്ച രണ്ടു വനിതാ മുഖ്യമന്ത്രിമാരും ഓര്‍മ്മയായി... ഇരുവരുടേയും മരണവും സമാനതകള്‍ നിറഞ്ഞതായി... മൂന്നാഴ്ചകളുടെ വ്യത്യാസത്തില്‍ ഇരുവരും യാത്രയായി

രാജ്യ തലസ്ഥാനത്തിന്റെ രണ്ടു വനിതാ മുഖ്യമന്ത്രിമാരും ഓര്‍മയായി. അതും മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തില്‍. ഇരുവരും മരിച്ചതും ഹൃദയാഘാതം മൂലമെന്നതും മറ്റൊരു യാദൃശ്ചികത. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞ മാസം 20 ന് ആണ് അന്തരിച്ചത്. ചൊവ്വാഴ്ച മുന്‍ വിദേശകാര്യമന്ത്രി കൂടിയായ സുഷമ സ്വരാജും അന്തരിച്ചു.
ഷീലയും സുഷമയും മാത്രമാണ് ഡല്‍ഹി ഭരിച്ച വനിതകള്‍. ഇരുവരുടേയും മരണവും സമാനതകള്‍ നിറഞ്ഞതായി. പ്രായത്തിന്റെ അവശതകളും രോഗങ്ങളും അലട്ടിയിരുന്നെങ്കിലും സജീവമായി പൊതുരംഗത്ത് ഇടപെടല്‍ നടത്തിവരുന്നതിനിടെയാണ് ഷീല ദീക്ഷിതിന്റെ അപ്രതീക്ഷിത മരണം.
സുഷമയും രോഗങ്ങളുടെ അവശതയില്‍ ആയിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു. കാഷ്മീര്‍ വിഭജന വിഷയത്തില്‍ വരെ തന്റെ അഭിപ്രായം പ്രകടപ്പിച്ചതിനു പിന്നാലെയാണ് മരണം വിളിച്ചത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. 1998 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ മൂന്നു വരെയാണ് അവര്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്.
സുഷമയുടെ മന്ത്രിസഭ വീണതിനു പിന്നാലെ ഷീലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി. പിന്നീട് ദീര്‍ഘമായ 15 വര്‍ഷം ഷീല ദീക്ഷിത് ഡല്‍ഹിയെ നയിച്ചു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മിപാര്‍ട്ടിയുടെ തേരോട്ടത്തിലാണ് ഷീലയ്ക്കു പടിയിറങ്ങേണ്ടിവന്നത്. ഡല്‍ഹിയുടെ ഭരണത്തില്‍ സുഷമ മുന്‍ഗാമിയായെങ്കിലും മരണത്തില്‍ ഷീലയുടെ പിന്‍ഗാമിയായി.
L
https://www.facebook.com/Malayalivartha






















