കരുത്തിന്റെ സൗമ്യതയുടെ അമ്മ നക്ഷത്രം പൊലിഞ്ഞു; കാശ്മീര്‍ ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് സുഷമ വിടവാങ്ങി; ഇനി ആ നല്ല ഓർമ്മകൾ നമ്മുടെ അഹങ്കാരം; അറിയണം ഈ ധീര വനിതയെ

ധീര വനിത. കാശ്മീര്‍ ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് സുഷമ വിടവാങ്ങി. താന്‍ തന്റെ ജീവിതത്തില്‍ ഉടനീളം ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യയുടെ ഹൃദയത്തിൽ സുഷമയെഴുതിയ ട്വീറ്റ് , ഇനി ആ നല്ല ഓർമ്മകൾ നമ്മുടെ അഹങ്കാരം.
ബി.ജെ.പിയെ അനുകൂലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നേതാവായിരുന്നു സുഷമ സ്വരാജ്. തകര്‍പ്പന്‍ ഹിന്ദി പ്രസംഗം, ഉജ്വല വാക്ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും.
1952 ഫെബ്രുവരി 14 ന് ഹരിയാനയിലെ അംബാല കന്റോണ്‍മെന്റിനടുത്ത് ഹര്‍ദേവ് ശര്‍മയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം. പാകിസ്ഥാന്‍ ലാഹോറിലെ ധര്‍മപുരയില്‍നിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശര്‍മയും കുടുംബവും. പഞ്ചാബ് സര്‍വകലാശാലയില്‍പെട്ട, ചണ്ഡീഗഢ് സനാതാന്‍ ധര്‍മ കോളെജില്‍ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എല്‍എല്‍ബിയും നേടി. പഠന കാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു, എബിവിപിയില്‍. കാര്യമായിത്തന്നെ കാമ്പസ് രാഷ്ട്രീയ രംഗത്തിറങ്ങിയിരുന്നു. അക്കാലത്ത്, 1970കളില്‍, ദല്‍ഹി സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദത്തിന് മത്സരിച്ച എബിവിപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ പ്രചാരണത്തിന് സുഷമാ ശര്‍മ, ദല്‍ഹി കോളെജുകളില്‍ എത്തിയിരുന്നു.
പഠന ശേഷം സുപ്രീം കോടതിയില്‍ 1973-ല്‍ അഭിഭാഷകയായി പ്രവര്‍ത്തനം തുടങ്ങി. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആര്‍എസ്എസും അതിശക്തമായി അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടി.
ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ അതി തീവ്രമായി പ്രതിരോധ രംഗത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് അദ്ദേഹം സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തില്‍, അഭിഭാഷകയായ സുഷമാ ശര്‍മ അംഗമായിരുന്നു. ആ കൂട്ടത്തില്‍ സ്വരാജ് കൗശല്‍ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴില്‍ കൊണ്ട് അഭിഭാഷകന്‍. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവര്‍ വിവാഹിതരായത്. അങ്ങനെ സുഷമാ ശര്‍മ, സുഷമാ സ്വരാജ് ആയി.
സ്വരാജ് കൗശല്‍ അഭിഭാഷകനാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1990 മുതല്‍ 93 വരെ മിസോറാം ഗവര്‍ണര്‍ ആയിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമായിരുന്നു. ഇക്കാലത്തിനിടെ 1998-99 വര്‍ഷം സുഷമ ലോക്സഭാംഗവും. പിന്നീട് 2000 മുതല്‍ 2004 വരെ സുഷമ രാജ്യസഭാംഗമായപ്പോള്‍ ഇരുവരും ഒരേ സഭയില്‍- ഭാര്യയും ഭര്‍ത്താവും ഒരേ സഭയില്‍ അംഗമായിരുന്ന സംഭവങ്ങള്‍ വേറേയില്ല.
ഹരിയാനയില്‍ ദേവിലാലിന്റെ നേതൃത്വത്തിലായിരുന്നു ജനതാ പാര്‍ട്ടി മുന്നേറ്റം. അവിടെ 1977 -ല്‍ സുഷമാ സ്വരാജ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ പ്രായം 25 വയസ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എംഎല്‍എ ആയ വനിത. 1982 വരെയും പിന്നീട് 1987 മുതല്‍ 90 വരെയും എംഎല്‍എ. ദേവിലാല്‍മന്ത്രിസഭയില്‍ ഹരിയാനയില്‍ സുഷമാ സ്വരാജ് 1979-ല്‍ കാബിനറ്റ് മന്ത്രിയായി. അപ്പോള്‍ 27 വയസ്. 1984-ല്‍ സുഷമ ബിജെപിയില്‍ ചേര്‍ന്നു. 1987 മുതല്‍ 90 വരെ ഹരിയാനയില്‍ ബിജെപി-ലോക്ദള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സുഷമ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് സുഷമാ സ്വരാജ് എത്തുന്നത് ബിജെപിയില്‍ ചേര്‍ന്ന് 1990 ആകുമ്പോഴാണ്. 1990-ല്‍ രാജ്യസഭാംഗമായി. പതിനൊന്നാം ലോക്സഭയിലേക്ക് ദല്‍ഹി സൗത്ത് മണ്ഡലത്തില്‍നിന്ന് 1996-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ കേന്ദ്ര ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി. 13 ദിവസത്തെ വാജ്പേയി സര്‍ക്കാരിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു സുഷമ.
1998-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു. ആ സര്‍ക്കാരിലും ഇതേ വകുപ്പില്‍. ഒപ്പം ടെലികമ്യൂണിക്കേഷന്‍, വ്യവസായം എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. 1998 ഒക്ടോബറില്‍ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് ദല്‍ഹി മുഖ്യമന്ത്രിയുടെ ചുമതലയേറ്റു.
തലസ്ഥാനമായ ദല്‍ഹിക്ക് ആദ്യമായി വനിതാ മുഖ്യമന്ത്രി. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് സുഷമാ സ്വരാജിനെ രാജിവയ്പ്പിച്ച് ദല്‍ഹി മുഖ്യമന്ത്രിയാക്കിയത് ബി ജെ പിയുടെ ഒരു ദില്ലി പരീക്ഷണമായിരുന്നു. 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി. പോലീസിനൊപ്പം പാതിരാവിലും നഗരം ചുറ്റുന്ന മുഖ്യമന്ത്രി. ജനങ്ങളുടെ ഏതാവശ്യത്തിനും എവിടെയും എപ്പോഴും ഓടിയെത്തുന്ന മുഖ്യമന്ത്രി. 'വിത് യു, ഫോര്‍ യു, ആള്‍വെയ്സ്'.
സുഷമാ സ്വരാജ് ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവാണ്. ബിജെപിയുടെയെന്നല്ല, ഇന്ത്യയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യ വനിതാ വക്താവ്. 1999-ലെ പൊതു തെരഞ്ഞെടുപ്പോടെ ലോകശ്രദ്ധ നേടി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ മത്സരിച്ചത് സുഷമയായിരുന്നു.സുഷമയുടെ പോരാട്ടം വിജയമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കര്‍ണാടകത്തിലാകെ ബിജെപിയുടെ ശക്തമായ അടിത്തറയും സാന്നിധ്യവും ശക്തിയും പടര്‍ന്നു. പില്‍ക്കാലത്ത് പാര്‍ട്ടി കര്‍ണാടക ഭരിച്ചതിന് കാരണമായത് സുഷമയുടെ അന്നത്തെ മത്സരമാണ്.
ഇന്ത്യയുടെ സൂപ്പര്‍ അമ്മ എന്ന് അമേരിക്കയലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിശേഷിപ്പിച്ച സുഷമ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിശേഷിച്ചും യുവ തലമുറയ്‌ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു. ഇറാക്കില്‍ കുടുങ്ങിയ മലയാളി നഴ്സ്‌മാരെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ കൈക്കൊണ്ട നടപടികള്‍ വളരെ പ്രശംസിക്കപ്പെട്ടിരുന്നു. തന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ അന്യരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേരെയാണ് സുഷമ സ്വരാജ്യത്ത് തിരികെ എത്തിച്ചത്
ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഷമ മത്സരിച്ചിരുന്നില്ല.. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് സുഷമ സ്വരാജ് അറിയിച്ചിരുന്നു. അനാരോഗ്യം മൂലമാണ് സുഷമ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ എന്നും ജനങ്ങള്‍ക്കൊപ്പം തന്നെ സുഷമ നിലകൊണ്ടു. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സുഷമ സ്വരാജ് ആന്ധ്രാ പ്രദേശിന്റെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് തന്നെ രംഗത്ത് വന്നിരുന്നു. മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരില്‍ നിരവധി തവണ സുഷമയെ തേടി പ്രശംസകള്‍ എത്തിയിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെ, ജനങ്ങളുമായി അടുത്തിടപഴകാനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുടനീളം നിരവധി ആരാധകരാണ് സുഷമ സ്വരാജിന് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















