കശുമാങ്ങ കണ്ട് അമ്പരന്ന സുഷമ; സുഷമ ആദ്യമായി കേരളത്തിൽ കാലുകുത്തുന്നത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരുന്നപ്പോൾ; കേരളത്തെ എന്നും അത്ഭുതത്തോടെ കണ്ടിരുന്ന വ്യക്തിത്വം

കേരളത്തെ എന്നും അത്ഭുതത്തോടെ കണ്ടിരുന്ന വ്യക്തിത്വം ആയിരുന്നു സുഷമ സ്വരാജിന്റേത്. കേരളത്തോട് എന്നും പ്രത്യേകതരം സ്നേഹമായിരുന്നു സുഷമയ്ക്ക് ഉണ്ടായിരുന്നത്.ലിബിയയിൽനിന്ന് തിരിച്ചെത്തിയ മലയാളി നഴ്‍സുമാർ അതിന് ഉദാഹരണമാണ്.
സുഷമ ആദ്യമായി കേരളത്തിൽ കാലുകുത്തുന്നത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരുന്നപ്പോൾ ആണ്. അന്നു സുപ്രീം കോടതി ജഡ്‌ജിയായിരുന്ന കൃഷ്‌ണയ്യർ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്‌ണയ്യർ സ്‌മാരക പ്രഭാഷണം നിർവഹിക്കാനാണു സുഷമ കേരളത്തിൽ വന്നത്. മലയാളത്തിൽ മൂന്നു വാചകം പ്രസംഗിച്ച് കേരളക്കരയുടെ കയ്യടി സുഷമ നേടി. ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷിൽ സംസാരിക്കാം’ എന്ന ചുരുക്കം വാചകം കൊണ്ടുതന്നെ അവർ കയ്യടി നേടി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 2011 ഫെബ്രുവരിയിലും സുഷമ കേരളത്തിൽ എത്തി. കേരള സന്ദർശനത്തിൽ കശുമാങ്ങ കണ്ട് അമ്പരന്നുപോയെന്നായിരുന്നു അന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചത്. വിത്തു പുറത്തുള്ള ഏക ഫലമാണ് കശുമാങ്ങയെന്നും കശുമാവ്, ഏലം തോട്ടങ്ങൾ ജീവിതത്തിൽ ആദ്യമായാണു കണ്ടതെന്നും സുഷമ പറഞ്ഞു. മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാർ യാത്ര അവിസ്‌മരണീയമായി. രാജ്യത്തെ മിക്ക നഗരങ്ങളും കണ്ടിട്ടുണ്ട്. ഏറ്റവും മനോഹരമായ സംസ്‌ഥാനം കേരളം തന്നെ. റോഡിന് ഇരുവശവും തെങ്ങുകൾ. കേരളത്തിന്റെ സൗന്ദര്യം കണ്ടു തന്നെയറിയണം.
പത്മനാഭന്റെ നാടിനെ സ്‌നേഹിക്കാതിരിക്കാൻ എനിക്കു കഴിയുമോ? ശ്രീകൃഷ്‌ണന് ഏറ്റവും പ്രിയപ്പെട്ട നാടായിരിക്കും കേരളം. കൃഷ്‌ണനു പ്രിയങ്കരമായ താമരയും പഴവും നാളികേരവും കേരളത്തിലുണ്ട്. കേരളത്തിലെ ബീഡി തെറുപ്പു കാഴ്‌ചയും വിസ്‌മയിപ്പിച്ചു. ഇരുപതോളം ബീഡി തെറുപ്പുകാർക്കു പത്രം വായിച്ചു കൊടുക്കാൻ ഒരാളെ വച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്‌ട്രീയംവരെ അവർക്കറിയാം എന്നും സുഷമ കുറിച്ചു.
2016ൽ ലിബിയയിൽ നിന്നു മലയാളികളെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത് ആരെന്നതിനെച്ചൊല്ലി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായി. ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നു സഹായമൊന്നും ലഭിച്ചില്ലെന്നു ലിബിയയിൽ നിന്നുവന്ന ആറു മലയാളി കുടുംബങ്ങൾ വെളിപ്പെടുത്തിയതോടെയാണു വിവാദം ആരംഭിച്ചത്. തിരിച്ചെത്തിയവരുടെ യാത്രച്ചെലവു സംസ്ഥാന സർക്കാർ വഹിക്കുമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഗ്ദാനത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും തർക്കത്തിൽ പങ്കുചേർന്നു. ആരാണ് ഇതുവരെ തിരിച്ചെത്തിയവർക്കു സഹായം നൽകിയതെന്നായിരുന്നു സുഷമയുടെ ചോദ്യം.
സ്വരാജിന്റെ അകാല വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എക്കാലവും ജനങ്ങള്‍ സ്മരിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഐഎസ് ഭീകരാക്രമണത്തിനിടെ ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥത ഇന്നും ഓര്‍ക്കുന്നതാണ്. നേഴ്‌സുമാരെ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കുന്നതിനായി അവരെടുത്ത പ്രയത്‌നം താന്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്. പൊതു പ്രവര്‍ത്തക എന്ന നിലയില്‍ കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും അവര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജനങ്ങള്‍ എന്നും ഇത് ഹൃദയത്തില്‍ സൂക്ഷിച്ച് ഒര്‍മ്മിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് സുഷമ സ്വരാജ് മരിക്കുന്നത്. 2016ല്‍ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് അവര്‍ വിധേയയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















