സുഷമാ സ്വരാജിന്റെ മൃതദേഹത്തിനു മുന്നില്‍ കണ്ണീരണിഞ്ഞ് മോദി; സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അവരുടെ വീട്ടിലെത്തിയ മോദി, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെ ദുഃഖം നിയന്ത്രിക്കാനാകാതെ വിതുമ്പി

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വേര്‍പാടില്‍ നിറകണ്ണുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അവരുടെ വീട്ടിലെത്തിയ മോദി, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു ദുഃഖം നിയന്ത്രിക്കാനാകാതെ വിതുമ്പിയത്.
ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്. സുഷമാ സ്വരാജിന്റെ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പിച്ച ശേഷം അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലുമായി സംസാരിക്കുന്നതിനിടെയാണ് മോദി വികാരാധീനനായത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നതും വിതുമ്പുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സുഷമാ സ്വരാജിന്റെ വിയോഗമുണ്ടായതിനു പിന്നാലെ അനുശോചനം അറിയിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന അധ്യായം അവസാനിച്ചതായി അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ് എന്നും മോദി മോദി ട്വീറ്റില്‍ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു സുഷമയുടെ അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി 9.50-ഓടെയാണ് സുഷമയെ ആശുപത്രിയിലെത്തിച്ചത്. ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. 1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചര്‍ച്ചകള്‍ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത്. 15-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ സമൂഹികമാധ്യമമായ ട്വിറ്ററിലൂടെ അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുഷമ ജനകീയയായി. കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നല്‍കിയവരില്‍ പ്രമുഖയായിരുന്നു അവര്‍. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.
1952 ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണു ജനനം. അച്ഛന്‍: ഹര്‍ദേവ് ശര്‍മ, അമ്മ: ലക്ഷ്മി ദേവി. ആര്‍.എസ്.എസ്. അംഗമായിരുന്നു അച്ഛന്‍. അംബാല കന്റോണ്‍മെന്റിലെ എസ്.ഡി. കോളേജില്‍നിന്ന് രാഷ്ട്രതന്ത്രവും സംസ്‌കൃതവും മുഖ്യവിഷയങ്ങളായെടുത്തു ബിരുദം നേടി. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി. ബിരുദവും നേടി. 1970-ല്‍ എസ്.ഡി. കോളേജിലെ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം സുഷമയ്ക്കായിരുന്നു.
വിദ്യാര്‍ഥിനേതാവായാണ് സുഷമയുടെ രാഷ്ട്രീയപ്രവേശം. പ്രസംഗപാടവവും പ്രചാരണമികവും മറ്റുള്ളവര്‍ക്കിടയില്‍ അവരെ വേറിട്ടുനിര്‍ത്തി. ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം അടിയന്തരാവസ്ഥയ്ക്കുനേരെ സമരം ചെയ്തു. ഇന്ദിരാ ഗാന്ധി സര്‍ക്കാരിനുനേരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അവര്‍ നയിച്ചു. 27-ാം വയസ്സില്‍ ബി.ജെ.പി. ഹരിയാണ ഘടകത്തിന്റെ അധ്യക്ഷയായി.
2016-ല്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ.
https://www.facebook.com/Malayalivartha






















