ഓട്ടോ ഓടിച്ചതിന് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റിനു കാരണം ഓട്ടോ ഓടിച്ച സ്ഥലം മാറി പോയതിനാൽ

ഓട്ടോ ഓടിച്ചതിന് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഓട്ടോ ഓടിച്ചു കയറ്റിയത് റെയില്‍വേ സ്റ്റേഷനിലെ പ്‌ളാറ്റ്‌ഫോമിൽ. പ്‌ളാറ്റ്‌ഫോമിലേക്ക് പാഞ്ഞെത്തുന്ന ഓട്ടോ റിക്ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മുംബൈ വിരാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് ഈ സംഭവം നടന്നത്. പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ഓട്ടോ ഡ്രൈവർ ഈ സാഹസികം നടത്തിയത്. പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഗർഭിണിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും. മഴയുള്ളതിനാൽ ട്രെയിന്‍ കുറെ സമയം വിരാര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. അപ്പോഴേക്കും സ്ത്രീക്ക് പ്രസവവേദന തുടങ്ങി. ഭര്‍ത്താവ് സ്റ്റേഷന് പുറത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കാത്തിരുന്ന സാഗര്‍ കമാല്‍ക്കര്‍ ഗവാദിനെ കണ്ട് ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിക്കുകയും ചെയ്തു.
അംഗപരിമിതരുടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയെ സ്റ്റേഷന് പുറത്തെത്തിക്കാനുള്ള മാര്‍ഗവും പെട്ടെന്ന് നടന്നില്ല . അതുകൊണ്ടാണ് ഗവാദ് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് നേരെ പ്ലാറ്റ്‌ഫോമിലേക്ക് കയറി സ്ത്രീ ഇരുന്ന കോച്ച് ലക്ഷ്യമാക്കി പാഞ്ഞത്. അവരെ ഓട്ടോയില്‍ എടുത്ത് നേരെ സഞ്ജീവനി ആശുപത്രിയിലേക്ക് പാഞ്ഞു. ഓട്ടോ ദൗത്യം സമയോചിതമായതിനാൽ ആ സ്ത്രീ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്‌ളാറ്റ്‌ഫോമിലൂടെ ഓട്ടോ വരുന്നത് കണ്ട് പലരും സംശയിക്കുകയും പോലീസുകാർ ഓടിയെത്തുകയും ചെയ്തു. പക്ഷേ വൈകുന്നേരം ഗവാദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മാനുഷിക പരിഗണനയാണ് ഇതിന് പിന്നിലെന്നു മനസ്സിലാക്കിയ സ്‌റ്റേഷനിലെ പോലീസുകാരും അവിടെ എത്തിയവരും ഡ്രൈവറെ അഭിനന്ദിച്ചു. ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും നിയമം ലംഘിച്ചതിന് 154, 159 വകുപ്പുകള്‍ ഗവാദിന് മേല്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഗവാദിനെ മുന്നറിയിപ്പ് നല്‍കി മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha






















