കൊല്ലപ്പെട്ടവരിൽ മലയാളിയും ; ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിൽ കോഴിക്കോട് സ്വദേശിയും; ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍; തിരുവനന്തപുരം സ്വദേശിക്ക് പരിക്ക്

ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ കോൺസ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ്.ബി.ഉല്ലാസിനാണ് പരിക്കേറ്റത്. ആറു മാസം മുമ്പാണ് ബിജീഷ് അവസാനമായി നാട്ടിൽ വന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ഛത്തീസ്ഗഢിലെ നാരയാണ്‍പുര്‍ ജില്ലയിലെ ക്യാമ്പില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പിൽ ബിജീഷടക്കം ആറു പേരാണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ മൂന്നു പേരെ റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു. മുസ്ദുള്‍ റഹ്മാനും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇയാള്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഢ് പോലീസ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് സ്ഥലത്തെത്തി.
സൈനികരില്‍ പൊതുവെ മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചുവരികയാണ്.
ആത്മഹത്യാ പ്രവണത വഴി രാജ്യത്തിന് നഷ്ടമാകുന്നത് വര്‍ഷാന്തം ശരാശരി 100 സൈനികരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നതും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനവുമൊക്കെയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യുദ്ധവേളകളിലും തീവ്രാദികളുമായുള്ള ഏറ്റുമുട്ടലുകളിലും മരണം മുന്നില്‍ കാണുന്നതു പോലെയുള്ള ഭീതികരമായ അവസ്ഥകളെ അഭിമുഖീകരിക്കുന്നതും മനോനില തെറ്റാന്‍ ഇടയാക്കും. കൊടിയ പീഡനമാണ് മേധാവികളില്‍ നിന്ന് പലപ്പോഴും സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായ 42-ാം ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞപ്രതാപ് സിംഗ്, ശിപായ് ഹൗസ്‌കീപ്പറായി സേവനമനുഷ്ഠിക്കുന്ന സിന്ധവ് ജോഗിദാസ് തുടങ്ങി പല ജവാന്മാരും മുൻപ് ഇത്തരം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. അടിമകളോടെന്ന പോലെയാണ് മേധാവികളുടെ പെരുമാറ്റമത്രേ. മേലുദ്യോഗസ്ഥരുടെ വീട്ടുജോലി, അവരുടെ കുട്ടികളെ നോക്കല്‍, പട്ടികളെ പരിപാലിക്കല്‍, ഷൂ പോളിഷ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പല സൈനിക മേധാവികളും ജവാന്മാരെ നിയോഗിക്കുന്നുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുകയോ, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി പറയുകയോ ചെയ്താല്‍ പീഡനം കൂടുതല്‍ തീവ്രമാകും.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. കൊടും തണുപ്പും ചൂടും സഹിച്ചു സേവനമനുഷ്ഠിക്കുന്ന അതിര്‍ത്തി സൈനികര്‍ക്ക് പട്ടിണി കിടക്കേണ്ട സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha
























