ബിജെപിയിൽ തുടരുമോ ഇല്ലയോ ? മറുപടിയുമായി പങ്കജ മുണ്ടെ ! താമര വാടില്ല..ബിജെപി വിടില്ല ...രക്തത്തിൽ അലിഞ്ഞതെന്ന് പങ്കജ മുണ്ടെ..!

ബിജെപി നേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെ 12 എംഎൽഎമാർക്കൊപ്പം ബിജെപി വിടുമെന്ന് സൂചനയ്ക്ക് പിന്നാലെ തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി വിടുന്നില്ലെന്നാണ് പ്രഖ്യാപനം. പാർട്ടി നേതാക്കളായ വിനോദ് താവ്ഡെ, രാം കദം, ബബൻറാവു ലോനിക്കർ എന്നിവർ ചർച്ച നടത്തിയതിനു പിന്നാലെയാണ് അവർ മൗനം വെടിഞ്ഞതും നിലപാട് വ്യക്തമാക്കിയതും.മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ, ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മുണ്ടെയുടെ പരമ്പരാഗത മണ്ഡലമായ പർളിയിൽ ബന്ധുവായ എൻസിപി സ്ഥാനാർഥി ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടിരുന്നു. പാർട്ടിയിൽ നിന്നു പൂർണ പിന്തുണ കിട്ടിയില്ലെന്ന തോന്നലാണ് പങ്കജയ്ക്കുണ്ടായിരുന്നത്. ഫഡ്നാവിസുമായി പൂർണമായി യോജിപ്പിലുമല്ല.
ഈ പശ്ചാത്തലത്തിലാണു പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് ആലോചിക്കാൻ 12ന് അനുയായികളുടെ യോഗം വിളിക്കുന്നതായി അവർ ഞായറാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയായത്. പിന്നീട് ‘ബിജെപി’ എന്ന വാക്കും പൂർവരാഷ്ട്രീയ ചരിത്രവും ട്വിറ്ററിൽ നിന്നും നീക്കി. ഇന്നലെ താമര ചിഹ്നം വച്ചു ഫെയ്സ്ബുക്കിൽ പുതിയ കുറിപ്പ് എഴുതിയ ശേഷമാണ് ബിജെപി തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന കാര്യമാണെന്നും പാർട്ടി വിടില്ലെന്നും പ്രഖ്യാപിച്ചത്. ബിജെപിയിൽ തുടരണമെങ്കിൽ പാർട്ടിയിൽ ഉയർന്ന പദവികൾ വേണമെന്നതാണു പങ്കജയുടെ നിലപാട്.
അതേസമയം മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ വന്നാൽ ദേവേന്ദ്ര ഫഡ്‌നാവിസിനു പകരം താൻ മുഖ്യമന്ത്രിയാകുമെന്ന പങ്കജയുടെ പരാമർശം ബിജെപി പ്രവർത്തകർക്കിടയിൽ നീരസം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയാണ് തന്റെ തോൽവിയിൽ കലാശിച്ചതെന്നു പങ്കജ പറയുന്നു. എന്നാൽ പങ്കജ മുണ്ടെ പാർട്ടി വിടുമെന്ന വാർത്തകൾ ഭാവനാ സൃഷ്ടി മാത്രമാണെന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























