തെരഞ്ഞെടുപ്പ് വേളകളില്‍ പണം വാരിക്കൂട്ടുന്നതില്‍ ഇപ്പോഴും ബിജെപി തന്നെ മുന്നില്‍, പുതിയ കണക്കുകള്‍ ഇങ്ങനെ...

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും രണ്ട് രീതിയിലാണ് ഫണ്ടുകള്‍ സമാഹരിക്കുന്നത് വ്യക്തികളുടെ ഡോണേഷന്‍, പിന്നെ കോര്‍പറേറ്റ് ഫണ്ടിംഗ്. ഇതില്‍ കോര്‍പറേറ്റ് ഫണ്ടിംഗില്‍ പെട്ടതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. നിലവിലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ചത് ഈ സംവിധാനം വഴിയാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ബി.ജെ.പി.യടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ പകുതിയിലേറെയും തിരഞ്ഞെടുപ്പു ബോണ്ടുവഴിയെന്ന് വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്താ പ്രധാന്യം നേടുന്നത്. 2018-19 വര്‍ഷം 3696.62 കോടി രൂപയാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഉള്‍പ്പെടെ ഏഴു പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം സംഭാവന. ഇതില്‍ 2421 കോടി രൂപ തിരഞ്ഞൈടുപ്പു ബോണ്ടുവഴിയാണ്; അതായത്, 65.51 ശതമാനം. വിവരാവകാശപ്രവര്‍ത്തകന്‍ വെങ്കിടേഷ് നായക് ശേഖരിച്ച റിപ്പോര്‍ട്ടുകളിലാണ് ഈ വിലയിരുത്തല്‍.
ബി.ജെ.പി.യ്ക്ക് 1450.89 കോടി രൂപ ബോണ്ടുവഴി സംഭാവനയായി ലഭിച്ചു. കോണ്‍ഗ്രസിന് ആകെ കിട്ടിയ 551.55 കോടി രൂപയില്‍ 383.26 കോടിയും തിരഞ്ഞെടുപ്പു ബോണ്ട് വഴിയാണ്. തെലങ്കാനയിലെ ടി.ആര്‍.എസിനു ലഭിച്ച സംഭാവനയില്‍ ഭൂരിഭാഗവും ബോണ്ടുവഴിയില്‍ തന്നെ. മൊത്തം കിട്ടിയത് 182.67 കോടി രൂപ. ഇതില്‍ 141.50 കോടി രൂപ (82.20 ശതമാനം) തിരഞ്ഞെടുപ്പു ബോണ്ടിലൂടെ. വൈ.എസ്.ആര്‍. കോണ്‍ഗ്രസിനാവട്ടെ 181.07 കോടി രൂപ ലഭിച്ചതില്‍ 99.89 കോടിയും ബോണ്ടുവഴിയാണ്.
ജെ.ഡി.എസിന് ലഭിച്ച 42.88 കോടി രൂപയില്‍ 35.25 കോടിയും ബോണ്ടിലൂടെയാണ്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി. എന്നിവയാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന സ്വീകരിച്ച മറ്റു പാര്‍ട്ടികള്‍. അതേസമയം, സി.പി.എം., സി.പി.ഐ., എന്‍.സി.പി., എസ്.പി., ബി.എസ്.പി., ഡി.എം.കെ., ടി.ഡി.പി., ആര്‍.ജെ.ഡി., ജെ.ഡി.യു., എ.എ.പി., എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളൊന്നും തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന വാങ്ങിയിട്ടില്ല.
2018-ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴിയുള്ള സംഭാവന പിരിക്കല്‍. ഇതു സുതാര്യമല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനനല്‍കി അവരെ സ്വാധീനിക്കാന്‍ വഴിയൊരുക്കുമെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. ഭരണപക്ഷത്തിന് ഇതു വലിയ സഹായമാവുമെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കേയാണ് ബി.ജെ.പി.യ്ക്ക് കൂടുതല്‍ സംഭാവന ലഭിച്ചെന്ന വെളിപ്പെടുത്തല്‍.
2017 ബഡ്ജറ്റില്‍ ഇലക്ഷന്‍ ഫണ്ടുകള്‍ക്കായി ധനമന്ത്രി അവതരിപ്പിച്ച മറ്റൊരു ആശയമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ബെയറര്‍ ബോണ്ടുകള്‍ പോലെ തന്നെ 1000, 10000, ഒരു ലക്ഷം, 10 ലക്ഷം , ഒരു കോടി എന്നിങ്ങനെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ, ഏതൊരു ഇന്ത്യന്‍ പൗരനോ വാങ്ങാവുന്ന ബോണ്ടുകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. തങ്ങളുടെ ഇഷ്ടപാര്‍ട്ടിക്ക് ഈ ബോണ്ടുകള്‍ക്ക് നല്‍കാം. ഇത് പിന്നീട് പാര്‍ട്ടികള്‍ പണമാക്കി മാറ്റും. എസ്ബിഐയിലെ നിശ്ചിത ബ്രാഞ്ചുകളില്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകുകയുള്ളു. ഇലക്ടറല്‍ ബോണ്ട് ഡോണേഴ്‌സിന്റെ വിവരങ്ങള്‍ രഹസ്യമായിരിക്കമെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.
എന്നാല്‍ ക്വിന്റ് നടത്തിയ അന്വേഷണത്തില്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ ഒരു രഹസ്യ ആല്‍ഫാ ന്യൂമറിക്ക് നമ്പറുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ബോണ്ട് നല്‍കിയ ഡോണറിന്റെയും, ബോണ്ട് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുടേയും ലിങ്ക് ട്രാക്ക് ചെയ്യാന്‍ പറ്റും. ഒറിജിനല്‍ ഡോക്യുമെന്റിന്റെ ഏറ്റവും മുകളിലായി വലതുഭാഗത്ത് ഒരു രഹസ്യ സീരിയല്‍ നമ്പറുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വെളിച്ചത്തിലെ ഇത് കാണാന്‍ സാധിക്കുകയുള്ളു. ഈ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് ആരൊക്കെ ഏത് പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ നല്‍കിയതെന്ന് ഭരണപക്ഷ പാര്‍ട്ടിക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ ഇതെ കുറിച്ച് അജ്ഞാതമായിരിക്കുകയും ചെയ്യും. ഇതില്‍ എന്ത് സുതാര്യതയാണുള്ളതെന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം.
2017-18 കാലഘട്ടത്തില്‍ വിറ്റുപോയ 228 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളില്‍ 210 കോടിയും ലഭിച്ചത് ബിജെപിക്കായിരുന്നു. മാര്‍ച്ച് 2018 ല്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ 95 ശതമാനം വരും ഇത്. 2017-18 കാലഘട്ടത്തില്‍ 95 ശതമാനത്തോളം ബോണ്ടും ഒരു പാര്‍ട്ടിക്ക്, അതും ഭരണപക്ഷ പാര്‍ട്ടിക്ക്, തന്നെ പോയതില്‍ യാദൃശ്ചികതയൊന്നും തന്നെയില്ല.
മുന്‍ വര്‍ഷങ്ങളില്‍ എഡിആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിജെപിയാണ് ഏറ്റവും ധനികരായ പാര്‍ട്ടി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,034 കോടിയായിരുന്നു ബിജെപിയുടെ വരുമാനം. മുമ്പത്തെ റിപ്പോര്‍ട്ടിനേക്കാള്‍ 81 ശതമാനത്തിന്റെ വര്‍ധന ! പിന്നീട് അതേ കാലഘട്ടത്തില്‍ 710 കോടിയുടെ ചലവ് കണക്കും പാര്‍ട്ടി ഫയല്‍ ചെയ്തിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 262 കോടി രൂപ വരുമാനമുണ്ടായിരുന്ന കോണ്‍ഗ്രസിന് 2016-17 വര്‍ഷത്തില്‍ 14 ശതമാനത്തിന്റെ കുറവ് വന്ന് വരുമാനം 225 കോടി രൂപയിലെത്തി. 322 കോടി രൂപയുടെ ചെലവാണ് പാര്‍ട്ടി ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha