മിണ്ടാതിരുന്നിട്ടും പണി വഴിയേ വന്നു... കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതി ചേര്‍ത്തു; കേസില്‍ സിംഗ് നേരിട്ടു ഹാജരാകണം

ആരോടും ഒന്നും മിണ്ടാതെ ശേഷിച്ച കാലം തള്ളിനീക്കാനിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പഴയ കല്‍ക്കരിക്കേസ് പിടികൂടി. കോണ്‍ഗ്രസിന്റെ ഇംഗിതത്തിനനുസരിച്ച് ഭരണം നടത്തിയ മന്‍മോഹന്‍ സിംഗ് ശരിക്കും ഒരു പാവ സര്‍ക്കാരായിരുന്നു. സോണിയയും രാഹുലും മറ്റ് മുതിര്‍ന്ന സോണിയാ ഭക്തരും കൂടി കാര്യങ്ങള്‍ പറയും. മന്‍മോഹന്‍ സിംഗിന് അതിന് പച്ചക്കൊടി കാണിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഭരണം പോയതോടെ മന്‍മോഹന്‍ സിംഗ് വാര്‍ത്തകളില്‍ നിന്നും മാഞ്ഞു. എങ്കിലും യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തെ വെല്ലുവിളിയായ കല്‍ക്കരിപ്പാടം വീണ്ടും ഉയര്‍ന്നു വന്നു.
അങ്ങനെ കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതി ചേര്‍ത്തു. കേസില്‍ അദ്ദേഹം നേരിട്ടു ഹാജരാകണമെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. ഏപ്രില്‍ എട്ടിന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ് എന്നിവരോടും ഹാജരാകാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മൂവരെയും കേസില്‍ വിചാരണ ചെയ്യണമെന്നാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു. 2009ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ കല്‍ക്കരി വകുപ്പിന്റെ അധിക ചുമതലകൂടി വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് സിഐജിയും കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ മന്‍മോഹന്‍ സിംഗിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ട് തളളുകയും വിശദമായ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് സെക്രട്ടറിമാരടക്കമുള്ളവരെ ചോദ്യം ചെയ്ത ശേഷമാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലാണ് മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലാവും. കേസ് നിയമപരമായി നേരിടുമെന്നും മന്‍മോഹന്‍ സിംഗ് സത്യസന്ധനായ പ്രധാനമന്ത്രിയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























