കല്‍ക്കരിപ്പാടം കേസ്: സത്യം ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മന്‍മോഹന്‍ സിംഗ്, നിയമപരമായി അന്വേഷണത്തിന് തയ്യാറാണെന്നും സിംഗ്

സത്യം ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കല്‍ക്കരിപ്പാടം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമപരമായ അന്വേഷണത്തിന് തയ്യാറാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. എല്ലാ രേഖകളുമായി കേസുമായി മുന്നോട്ട് പോകാനാകുമെന്ന് ഉറപ്പുണ്ട്. സംഭവത്തില്‍ വിഷമമുണ്ടെന്നും എന്നാല്‍ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
2005ല്‍ അലൂമിനിയം നിര്‍മാണ കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിംഗിനെ പ്രത്യേക സി.ബി.ഐ കോടതി ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, ജനപ്രതിനിധിയെന്ന നിലയില്‍ വിശ്വാസ വഞ്ചന കാണിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതി ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കള്‍ തമ്മില്‍ മൂര്‍ച്ചയേറിയ വാഗ്വാദം നടക്കുകയാണ്.
മന്‍മോഹന്റെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധവും സുതാര്യവുമായിരുന്നെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്തോടും മന്‍മോഹനോടും മാപ്പ് അപേക്ഷിക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് കാരണമാണ് മുന്‍ പ്രധാനമന്ത്രി ഇങ്ങനെയൊരു അവസ്ഥയിലെത്തിയതെന്നും ജാവ്‌ദേക്കര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























