മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു... സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്ഷന്‍ 144 പ്രകാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നിന്നാല്‍ പൊലീസ് നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. ഒമ്പത് കൊവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട് നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയത്.
കൊവിഡ് 19 പ്രതിരോധിക്കാനാണ് തിരക്കിട്ട ഈ നടപടിയിലേക്ക് തമിഴ്‌നാട് നീങ്ങുന്നത്. അതേസമയം,പാല്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി, മത്സ്യവില്‍പന നിരോധിച്ചിട്ടില്ല. ഇത്തരം മാര്‍ക്കറ്റുകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബസ്സുകള്‍, ക്യാബുകള്‍, ടാക്‌സി സര്‍വീസുകള്‍, ഓട്ടോകള്‍ എന്നീ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അവസാനിപ്പിക്കും. മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഒപ്പം സര്‍ക്കാരാഫീസുകളും പ്രവര്‍ത്തിക്കില്ല. എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ജോലിക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വകാര്യമേഖലയില്‍ ഇനി ആശുപത്രികളല്ലാതെ വേറൊന്നും പ്രവര്‍ത്തിക്കാന്‍പാടില്ല. അടിയന്തരാവശ്യത്തിന് പണിയുന്ന കെട്ടിടങ്ങളല്ലാതെ മറ്റെല്ലാ നിര്‍മാണ പ്രവൃത്തികളും അടിയന്തരമായി നിര്‍ത്തിവയ്ക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അവ തന്നെ വളരെക്കുറച്ച് ആളുകളുമായി മാത്രമേ പ്രവര്‍ത്തിക്കാവൂ. അതേസമയം, തുച്ഛമായ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീനുകള്‍ അടയ്ക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിക്കുന്നു. ഹോട്ടലുകള്‍ അടയ്ക്കണം. പക്ഷേ, ഡെലിവറി സര്‍വീസുകള്‍ തുടരാം. വീടില്ലാത്തവര്‍ക്കും നിരാലംബരായവര്‍ക്കും ആശ്രയമായ അമ്മ കാന്റീനുകള്‍ നിര്‍ത്തിയാല്‍ അത് ഒരുവിഭാഗം ജനങ്ങളെത്തന്നെ പട്ടിണിയിലാക്കുമെന്ന വിലയിരുത്തലിലാണിത്. സംസ്ഥാനത്തെ എല്ലാ മാളുകളും, തീയറ്ററുകളും, വലിയ കടകളും സ്‌കൂളുകളും മെഡിക്കല്‍ കോളേജുകള്‍ഒഴികെയുള്ള എല്ലാ കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിടാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























