രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി ; ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. മഹാരാഷ്ട്രയിൽ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ്രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു . രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നിരിക്കുകയാണ് . കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതാതായും സൂചനയുണ്ട്. ദില്ലിക്കടുത്ത് സ്ഥിതിചെയ്യുന്ന മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 ഇറ്റാലിയൻ വിനോദസഞ്ചാരികളും രോഗം ഭേദമായവരിൽ ഉൾപ്പെടുന്നു.
അതേസമയം ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു . വ്യാഴാഴ്ചത്തെ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്ക് മാറിയിരുന്നു . ജനങ്ങൾ ലോക്ക് ഡൗണ്‍ നിർദ്ദേശം പാലിക്കാത്തതിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ലോക്ക് ഡൗണിന് പിന്നാലെയുള്ള നടപടികൾ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് . ഭരണഘടനയുടെ 53,54, 74 തുടങ്ങിയ അനുച്ഛേദങ്ങൾ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗൺ നിർദ്ദേശം നല്കിയതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു . എന്നാൽ 352 ആം അനുച്ഛേദപ്രകാരം എന്തെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ഇപ്പോൾ സാഹചര്യമില്ല. കൊവിഡ് ഭീഷണി നേരിടാൻ സാമ്പത്തിക പാക്കേജും പ്രധാനമന്തി ഇന്ന് പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha


























