പൊരുതാനുള്ള അസാധാരണ മികവ്....രണ്ടു മഹാമാരികളെ തൂത്തെറിഞ്ഞു....കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണ്...ഇന്ത്യ ലോകത്തിന് വഴികാട്ടണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ്-19നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഭാരതത്തിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കിള്‍ ജെ റയാന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണ്. ലോക ജനസഖ്യയില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നിലാണ്. എന്നിട്ടും മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിയുന്നുവെന്ന് റയാന്‍ അഭിപ്രായപ്പെട്ടു.
കാര്യക്ഷമമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം എങ്ങിനെ സഹകരിക്കണമെന്ന് ലോകത്തിന് ഇന്ത്യ കാണിച്ചു കൊടുക്കുകയാണെന്നും മൈക്കിള്‍ ജെറ്യാന്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ഇന്ത്യക്ക് ബൃഹത്തായ ശേഷിയുണ്ട്. വസൂരി, പോളിയോ എന്നീ മഹാമാരികളെ ഉന്മൂലനം ചെയ്തതിന്റെ അനുഭവസമ്പത്തുമുണ്ട്. ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് അതിവേഗം പടര്‍ന്ന് വ്യാപിക്കാനും സാധ്യതയേറെയാണ്. ഇതെല്ലാം മുന്‍ നിര്‍ത്തി വളരെ കരുതലോടെയാണ് ഇന്ത്യ, കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും മൈക്കിള്‍ ജെ റ്യാന്‍ പറഞ്ഞു.
രണ്ട് പകര്‍ച്ചവ്യാധികളെ തൂത്തെറിയുന്നതില്‍ ഇന്ത്യ ലോകത്തിന് വഴികാട്ടിയായി. ഇക്കാര്യത്തില്‍ ഇന്ത്യക്ക് മികച്ച് ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യമെന്ന നിലയില്‍ കൊറോണ വൈറസിന്റ പ്രതിരോധത്തിന് പ്രത്യേക പരിഗണന നല്‍കണം. ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കൊറോണയെ തടയാന്‍ കുറുക്കുവഴികളൊന്നുമില്ല. മുമ്പ് ചെയ്തതുപോലെ ഇന്ത്യ, ലോകത്തിന് വഴികാട്ടണമെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും വളരെയേറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും റയാന്‍ വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 30 സംസ്ഥാനങ്ങളിലെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം ഇന്ത്യയില്‍ 492 കൊറോണ കേസുകളാണ് ഇതവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. ഇതിനൊപ്പം രാജ്യത്ത് ഒന്‍പതാമത്തെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലുമടക്കം അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയായിരുന്നു. 446 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നത്. കേരളത്തില്‍ 95 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അതിനിടെ, അടച്ചിടല്‍ നിര്‍ദേശങ്ങളെ പലരും ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























