ഹരിയാനയില്‍ കൃസ്ത്യന്‍പള്ളി തകര്‍ത്ത സംഭവത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഹരിയാനയിലെ ഹിസര്‍ ജില്ലയിലെ കൈമ്‌രി ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിയിലെ പുരോഹിതന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കലാപം, ആരാധനാലയം നശിപ്പിക്കല്‍, മോഷണം തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല.
മാര്‍ച്ച് ആറിനാണ് സംഭവമുണ്ടായത്. പള്ളി തകര്‍ത്ത അക്രമികള്‍ അവിടെ ഹൈന്ദവ ദേവനായ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കുകയും അവിടെ നിന്നും ചില വസ്തുക്കള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൊലീസെത്തി അവിടെ നിന്നും വിഗ്രഹവും സമീപത്ത് വച്ചിരുന്ന രാമ ചിഹ്നമുള്ള ചുവന്ന പതാകയും എടുത്തു മാറ്റി. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരും മറ്റ് ചിലരും കഴിഞ്ഞ മാസം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പുരോഹിതനായ സുഭാഷ് ചന്ദ് പറഞ്ഞു.
ഗ്രാമത്തില്‍ ഒരു ക്രിസ്തു മത വിശ്വാസി പോലുമില്ലാതെയാണ് പുരോഹിതന്‍ അവിടെ പള്ളി പണിയുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വീട് വയ്ക്കാനെന്ന് പറഞ്ഞാണ് പുരോഹിതന്‍ ഗ്രാമത്തില്‍ വസ്തു വാങ്ങിയതെന്നും എന്നാല്‍ അവിടെ അദ്ദേഹം പള്ളി പണിയുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഗ്രാമത്തിലുള്ളവരേയും സമീപസ്ഥലങ്ങളിലുള്ളവരേയും മതം മാറ്റുകയായിരുന്നു പുരോഹിതന്റെ ഉദ്ദേശമെന്ന് അവര്‍ ആരോപിച്ചു.
സംഭവം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. പ്രദേശവാസികളെ അറസ്റ്റ് ചെയ്യുന്നതിനെ എതിര്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഹരിയാനയില്‍ ബി.ജെ.പി ഗവണ്‍മെന്റാണ് അധികാരത്തിലുള്ളത്. എന്നാല്‍ കേസിന്റെ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാനായി പുറത്ത് നിന്നും ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























