ലോക്ഡൗണില്‍ ഡല്‍ഹിയില്‍ തുടരാതെ യുപി-യിലെ വീട്ടിലെത്താന്‍ പതിനായിരങ്ങള്‍

ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകള്‍, ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കോവിഡ് രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ ഉള്ളിലില്ല. പട്ടിണിയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തണമെന്ന ആഗ്രഹം മാത്രം.
നഗരത്തില്‍ കുടുങ്ങിയ പലരും ആഗ്ര, ഝാന്‍സി, കാന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാല്‍നടയായി യാത്ര തിരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തെത്തിയതോടെ യുപി സര്‍ക്കാര്‍ ഇവര്‍ക്കായി 1000 ബസുകള്‍ ക്രമീകരിച്ചു.
ഗാസിപ്പുര്‍ മാര്‍ക്കറ്റിലെത്തുന്ന ചരക്കു ലോറികളില്‍ കയറി സ്വദേശത്തു പോകാന്‍ മോഹിച്ച ഒട്ടേറെപ്പേര്‍ ആനന്ദ് വിഹാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്നാണു യാത്രാസൗകര്യമൊരുക്കാന്‍ അധികൃതര്‍ ഹെല്‍പ് ലൈന്‍ നമ്പറും ക്രമീകരിച്ചത്. ബസില്‍ കയറാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. മുഖം മുറയ്ക്കാനുള്ള മാസ്‌ക് കുറച്ചു പേര്‍ക്കു മാത്രം. പൊലീസും അധികൃതരും വിതരണം ചെയ്ത റൊട്ടിക്കും വെള്ളത്തിനും വേണ്ടി നീളുന്നതു ആയിരക്കണക്കിനു കൈകള്‍. ബസെത്തിയപ്പോള്‍ ജനല്‍വഴിയെങ്കിലും ഉള്ളില്‍ കയറാന്‍ ശ്രമിക്കുന്നവര്‍.
ആളുകള്‍ തിങ്ങി നിറഞ്ഞാണു ബസുകളെല്ലാം യാത്ര തിരിച്ചത്. പലരും ബസിനു മുകളിലും ഇടം പിടിച്ചു. ലോക്ഡൗണില്‍ ഡല്‍ഹിയില്‍ തുടര്‍ന്നാല്‍ ഭക്ഷണം ലഭിക്കാതാകുമെന്നതാണ് ഇവരുടെ വെല്ലുവിളി. നാട്ടില്‍ ചെന്നാല്‍ കുടുംബാംഗങ്ങളുണ്ടെന്നും ഭക്ഷണത്തിനു മുട്ടുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബസുകള്‍ക്കായി കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടം: ചിത്രം: പിടിഐ
മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന യുപി സ്വദേശികള്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നു മധ്യപ്രദേശിലേക്കു ദേശീയപാതയിലൂടെ നടന്നുപോയ യുവാവ് വഴിമധ്യേ ആഗ്രയില്‍ തളര്‍ന്നുവീണു മരിച്ചു. നാട്ടിലേക്കു നടന്നുപോകാന്‍ തീരുമാനിച്ച രണ്‍വീര്‍ സിങ് (39) ആണു മരിച്ചത്. മധ്യപ്രദേശിലെ മൊറേന ജില്ലക്കാരനും 3 കുട്ടികളുടെ പിതാവുമായ രണ്‍വീര്‍, ഡല്‍ഹി തുഗ്ലക്കാബാദിലെ ഹോട്ടലില്‍ ഹോം ഡെലിവറി ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha
























