വൈറസ് സംശയശൃംഖലയില്‍ നാലായിരത്തോളം പേര്‍..... നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനങ്ങളുടെ ശ്രമം ഊര്‍ജ്ജിതം, രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നിസാമുദ്ദീനില്‍ എത്തിയത്

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം തുടങ്ങിയിരിക്കുകയാണ് . രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നിസാമുദ്ദീനില്‍ എത്തിയത്. 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. ഇതുവരെ 2137 പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തു നിന്നും വന്നവരുടെ ഏകദേശ കണക്കുകള്‍ ഇപ്രകാരമാണ്. തമിഴ്‌നാട് 1500, ആന്ധ്ര പ്രദേശും തെലങ്കാനയും 1000 പേര്‍, അസ്സം 300, ഉത്തര്‍ പ്രദേശ് 157, മധ്യ പ്രദേശ്107, മഹാരാഷ്ട്ര109, കര്‍ണാടക45, ഉത്തരാഖണ്ഡ്34, ചത്തീസ്ഗഡ് 46, ഹരിയാന22, ആന്‍ഡമാന്‍ നിക്കോബാര്‍ 22, രാജസ്ഥാന്‍19, ഹിമാചല്‍ പ്രദേശ് 15, ഒഡീഷ 15, രാജസ്ഥാന്‍ 9, മേഘാലയ 5. ഇങ്ങനെയാണ് ഓരോ സംസ്ഥാനത്തു നിന്നും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഏകദേശം കണക്കുകള്‍.
അതിനിടെ വിവിധ സംസ്ഥാനക്കാരും വിദേശികളും വ്യാപകമായി കോവിഡ് നിരീക്ഷണത്തിലായതോടെ തബ്ലീഗ് ജമാഅത്ത് പ്രാര്‍ഥനാ സമ്മേളത്തിനു വേദിയൊരുക്കിയ തെക്കന്‍ ഡല്‍ഹി നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാംഗ്‌ളെവാലി മസ്ജിദ് ഒഴിപ്പിച്ചു.തബ്ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസിലെ ആറുനില കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളംപേരെ പള്ളിയില്‍ത്തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി.
മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ നാലായിരത്തോളംപേര്‍ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനല്ല സാധ്യതയും നിലനില്‍ക്കുന്നുണ്ട്.സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. ആറുപേര്‍ തെലങ്കാനയിലും മറ്റുള്ളവര്‍ ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. മുംബൈയില്‍ കൊറോണ ബാധിച്ചു മരിച്ച ഫിലിപ്പീന്‍സ് സ്വദേശിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഈ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 24 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള 1500 പേരില്‍ 1130 പേരും സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഇവരില്‍ 515 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് 19 വൈറസ് ബാധിതരായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നിരീക്ഷണത്തില്‍ വയ്ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തെലങ്കാനയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വൈറസ് ബാധിതരായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മാര്‍ച്ച് 21ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാനിടയുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിയാനും ഐസലേറ്റ് ചെയ്യാനും ക്വാറന്റീന്‍ ചെയ്യാനുമായി കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28നും 29നും എല്ലാ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും വീണ്ടും നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിനിടെ മര്‍ക്കസ് നിസാമുദ്ദീനില്‍ താമസിക്കുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പൊലീസ്, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്കു വിധേയരാക്കി. മാര്‍ച്ച് 29 വരെ ഏകദേശം 162 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പരിശോധനകള്‍ക്കു വിധേയരാക്കുകയും ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്തു. ഇതിനകം 1339 പ്രവര്‍ത്തകരെ നരേല, സുല്‍ത്താന്‍പുരി, ബക്കര്‍വാല എന്നിവിടങ്ങളിലേക്ക് മാറ്റി ക്വാറന്റീന്‍ ചെയ്തു.
സാധാരണ സന്ദര്‍ശക വീസയിലെത്തിയാണു വിദേശത്ത് നിന്നുള്ളവര്‍ തബ്‌ലീഗ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശക വീസയിലെത്തി മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അതതു സംസ്ഥാനങ്ങളിലെ പൊലീസ് നിരീക്ഷിക്കുകയും വീസ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടികളെടുക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
"
https://www.facebook.com/Malayalivartha