കേന്ദ്രം ആ വഴിക്ക് നീങ്ങുമോ.... നിലവിലെ ലോക്ക്ഡൗണ്‍ കാലയളവായ 21 ദിവസം എന്ന പരിധി ദീര്‍ഘിപ്പിക്കുന്നത് ഇന്ത്യ ഗൗരവകരമായി ആലോചിക്കണമെന്ന് പഠനം

21 ദിവസം കഴിഞ്ഞാല്‍ ഇനിയെന്ത്. ലോക്ഡൗണ്‍ നീട്ടുമോ ഇല്ലയോ. ഇല്ലെന്ന് തല്‍ക്കാലം കേന്ദ്രം പറഞ്ഞിട്ടുണ്ടെങ്കിലും ഇനി മാറുമോ.
ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം ഒരുപക്ഷേ അബദ്ധമായേക്കാം എന്നാണ് കാരണങ്ങള്‍ നിരത്തി ശാസ്ത്രജ്ഞര്‍ പറയുന്നത്.
നിലവിലെ ലോക്ക്ഡൗണ്‍ കാലയളവായ 21 ദിവസം എന്ന പരിധി ദീര്‍ഘിപ്പിക്കുന്നത് ഇന്ത്യ ഗൗരവകരമായി ആലോചിക്കണമെന്ന് പഠനം.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം വിഭാവനം ചെയ്യണമെന്ന് ഇവര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമേറിയവരുടെ ആധിക്യം ഇന്ത്യയില്‍ ഉള്ളതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധവേണമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുമെന്ന് പഠനത്തില്‍ ചൂണ്ടികാട്ടുന്നു.
എന്നാല്‍ ലോക്ക്ഡൗണ്‍ റദ്ദാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ രോഗികളെ വര്‍ദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ചൂണ്ടിക്കാട്ടുന്നു. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. മുത്തച്ഛന്‍- അച്ഛന്‍-മകന്‍ എന്നിങ്ങനെയുള്ള മൂന്ന് തലമുറകള്‍ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഓരോ ഭവനത്തിലും വസിക്കുന്നുണ്ട്. ഇത് അതീവ ജാഗ്രതയോടെ കാണേണ്ടതുമാണ്.
60 വയസിന് മുകളിലുള്ളവരും 30 വയസിന് താഴെയുള്ളവരും തമ്മില്‍ സമ്പര്‍ക്ക സാധ്യത ഏറെയുണ്ടെന്നതാണ് രണ്ടാമത്തെ ഘടകം. കൊറോണയുടെ പശ്ചാത്തലത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന വിദഗ്ദ്ധരുടെ നിര്‍ദേശം ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്.
സാമൂഹിക അകലം പാലിക്കലും ഐസൊലേഷനും ജോലിസ്ഥങ്ങളിലോ പൊതുയിടങ്ങളിലോ മാത്രം പാലിക്കപ്പെടേണ്ടതല്ലെന്നും വീടുകളിലും ഇത് കര്‍ശനമായി നടപ്പാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha